പൂനെയിൽ നടുറോഡിൽ സിനിമാ സ്‌റ്റൈല്‍ തട്ടിക്കൊണ്ടുപോകൽ; വീട്ടുകാരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് യുവതിയെ പിടിച്ചുകൊണ്ടുപോയി

യുവതിയും പ്രതികളിലൊരാളും തമ്മില്‍ മുന്‍പ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പ്രാദേശിക പോലീസ് കണ്ടെത്തിയിട്ടുണ്ട്.

New Update
Untitled

പൂനെ: ഇന്‍ഡാപൂര്‍ താലൂക്കിലുള്ള ഭിഗ്വന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം പട്ടാപ്പകല്‍ 21-കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി. ആക്രമികള്‍ യുവതിയുടെ അമ്മയുടെയും സഹോദരന്റെയും കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷമാണ് കൃത്യം നടത്തിയത്.

Advertisment

പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വീട്ടുകാര്‍ക്കൊപ്പം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു യുവതി. ഈ സമയം ഒരു കാറിലെത്തിയ സംഘം ഇവരെ തടഞ്ഞുനിര്‍ത്തുകയും കണ്ണില്‍ മുളകുപൊടി വിതറി കാഴ്ച തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ബലമായി കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.


ദൗണ്ട് സ്വദേശികളായ സഹീര്‍ ഹാരൂണ്‍ ഷെയ്ഖ്, അയാന്‍ ഹാരൂണ്‍ ഷെയ്ഖ് എന്നീ സഹോദരങ്ങള്‍ക്കെതിരെ ഭിഗ്വന്‍ പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പ്രതികളും ഇരയും ഒരേ നാട്ടുകാരാണെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ജില്ലയിലുടനീളം ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് തിരച്ചില്‍ ശക്തമാക്കി. യുവതിയും പ്രതികളിലൊരാളും തമ്മില്‍ മുന്‍പ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പ്രാദേശിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയപ്പകയാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.


സംഭവത്തെത്തുടര്‍ന്ന് ചില ഹിന്ദു സംഘടനകള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ യുവതിയും പ്രതിയും തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നു എന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം പിന്‍വലിച്ചു.


അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നു.

Advertisment