ഉദയ്പൂര്‍: രാജസ്ഥാന്‍ കൃഷി മന്ത്രി കിരോരി ലാല്‍ മീണ ചൊവ്വാഴ്ച ഗംഗാരറിലെ മേവാര്‍ സര്‍വകലാശാലയില്‍ റെയ്ഡ് നടത്തി.
അവിടെ ബിഎസ്സി അഗ്രികള്‍ച്ചര്‍ കോഴ്സ് നടത്തുന്നതിന്റെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടി. ഈ മുഴുവന്‍ സംവിധാനത്തെയും 'വ്യാജ ബിരുദ അഴിമതി' എന്ന് വിശേഷിപ്പിച്ച മന്ത്രി, ഈ സ്ഥാപനം വ്യാജ വളം, വിത്ത് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞു.
സര്‍വകലാശാലയില്‍ രണ്ട് മണിക്കൂര്‍ മാത്രം പഠിച്ച് വിദ്യാര്‍ത്ഥികളെ ഒന്നാം ഡിവിഷനില്‍ വിജയിപ്പിക്കുന്നതായും വ്യാജ ബിരുദങ്ങള്‍ നല്‍കുന്നതായും മന്ത്രി മീണയ്ക്ക് പരാതി ലഭിച്ചിരുന്നു. പരിശോധനയില്‍, ബിഎസ്സി അഗ്രികള്‍ച്ചറിന് ജെഇടി പരീക്ഷ നിര്‍ബന്ധമാണെങ്കിലും എഴുതാത്ത നിരവധി വിദ്യാര്‍ത്ഥികളെ അദ്ദേഹം കണ്ടെത്തി.
നിരവധി വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സ്ഥലത്തുതന്നെ പരിശോധിച്ചതായും ശരിയായ ഉത്തരങ്ങളില്ലാതെ അവര്‍ വിജയിച്ചതായും മന്ത്രി പറഞ്ഞു.
സര്‍വകലാശാലയുടെ അംഗീകാരം, ഫാക്കല്‍റ്റി യോഗ്യതകള്‍, ലാബുകള്‍, ഫാമുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. 2022 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഐസിഎആറില്‍ നിന്ന് അംഗീകാരം നേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമായ പ്രൊഫസര്‍മാരെയും അസോസിയേറ്റ് പ്രൊഫസര്‍മാരെയും നിയമിച്ചിട്ടില്ല. ഫാം ഹൗസുകള്‍ ക്യാമ്പസിന് പുറത്ത് കാണിക്കുകയും ട്രാക്ടറുകള്‍ പാട്ടത്തിനെടുക്കുകയും ചെയ്യുന്നു.
ചില ഫാക്കല്‍റ്റി അംഗങ്ങളുടെ ബിരുദങ്ങള്‍ സംശയാസ്പദമാണെന്ന് മന്ത്രി പറഞ്ഞു. യുവാക്കളുടെയും കര്‍ഷകരുടെയും ഭാവി അപകടത്തിലാക്കുന്ന ഗുരുതരമായ ഒരു തട്ടിപ്പാണിതെന്ന് മന്ത്രി മീണ പറഞ്ഞു.
കൃഷി വകുപ്പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ്ഒജി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വ്യാജ സര്‍വകലാശാലകള്‍ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.