/sathyam/media/media_files/2026/01/21/untitled-2026-01-21-15-24-22.jpg)
കിഷ്ത്വാര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുള്ള നിബിഡ വനമേഖലയില്‍ ഭീകരര്‍ ദീര്‍ഘകാലം തങ്ങാന്‍ ഒരുക്കിയ അത്യാധുനിക ഒളികേന്ദ്രം ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
'ഓപ്പറേഷന്‍ ട്രാഷി-1' എന്ന് പേരിട്ടിരിക്കുന്ന സംയുക്ത ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് ഈ നടപടി. ഏകദേശം 12,000 അടി ഉയരത്തിലുള്ള മലനിരകളില്‍ കല്ലുകള്‍ കൊണ്ട് ഭിത്തി കെട്ടി നിര്‍മ്മിച്ച അതിശക്തമായ ഒരു ബങ്കറാണ് സൈന്യം കണ്ടെത്തിയത്.
വനത്തിനുള്ളില്‍ മാസങ്ങളോളം തങ്ങാന്‍ സഹായിക്കുന്ന തരത്തിലുള്ള വന്‍തോതിലുള്ള 'വിന്റര്‍ സ്റ്റോക്ക്' ആണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.
20 കിലോ ബസുമതി അരി, 50 പാക്കറ്റ് നൂഡില്‍സ്, ഉണക്കമുന്തിരി ഉള്‍പ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്സുകള്‍, പച്ചക്കറികള്‍, ദേശി നെയ്, വിവിധ തരം സുഗന്ധവ്യഞ്ജനങ്ങള്‍, പാചകത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍, അടുപ്പ് എന്നിവയും കണ്ടെടുത്തു.
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരരായ സെയ്ഫുള്ള, ആദില്‍ എന്നിവരാണ് ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.
ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗിന് വീരമൃത്യു
സോണാര്‍ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനിടെ കരസേനയുടെ സ്പെഷ്യല്‍ ഫോഴ്സ് പാരാട്രൂപ്പര്‍ ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗ് രാജ്യത്തിനായി ജീവന്‍ ബലി നല്‍കി.
ഉത്തരാഖണ്ഡ് സ്വദേശിയായ അദ്ദേഹത്തിന് ഞായറാഴ്ച രാത്രിയുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ വ്യോമമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ അദ്ദേഹം വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ മറ്റ് ഏഴ് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗജേന്ദ്ര സിംഗിന്റെ ഭൗതികദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ജമ്മുവില്‍ നിന്ന് സ്വദേശത്തേക്ക് അയച്ചു. വൈറ്റ് നൈറ്റ് കോര്‍പ്‌സ് അദ്ദേഹത്തിന്റെ ധീരതയെ ആദരിച്ചു. ഭീകരര്‍ക്ക് ഒളികേന്ദ്രത്തില്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന പ്രാദേശിക സഹായികളെ കണ്ടെത്താനുള്ള അന്വേഷണം സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us