കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദീഖ് പങ്കെടുക്കുന്ന വഖഫ് (ഭേദഗതി) നിയമ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ സെൻട്രൽ കൊൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഭാൻഗറിൽനിന്നും അയൽ പ്രദേശങ്ങളായ മിനാഖാൻ, സന്ദേശ്ഖലി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഐഎസ്‌എഫ് പ്രവർത്തകർ ബസന്തി ഹൈവേയിലെ ഭോജർഹട്ടിന് സമീപം ഒത്തുകൂടിയിരുന്നു. ഇവിടെവെച്ചാണ് പ്രവർത്തകരെ പൊലീസ് തടഞ്ഞത്.
പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ തർക്കം ഉടലെടുത്തു.
ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊലീസ് സേനയെ വിന്യസിക്കുകയും സമീപ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി.