ഡല്‍ഹി: കൊല്‍ക്കത്തയിലെ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നു.
വെള്ളിയാഴ്ച നടത്തിയ വൈദ്യപരിശോധനയില്‍, വിദ്യാര്‍ത്ഥിനിയുടെ കഴുത്തിലും നെഞ്ചിലും പാടുകള്‍ കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഇല്ലെങ്കിലും, നിര്‍ബന്ധിത ലൈംഗിക ബന്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
24 കാരിയായ സൗത്ത് കൊല്‍ക്കത്ത ലോ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി നല്‍കിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
നേരത്തെ, നടത്തിയ മറ്റൊരു മെഡിക്കല്‍ പരിശോധനയില്‍, യുവതിയുടെ ശരീരത്തില്‍ ബലപ്രയോഗം, കടിയേറ്റ പാടുകള്‍, നഖപോറലുകള്‍ എന്നിവ കണ്ടെത്തിയതായി കൊല്‍ക്കത്ത പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇതുവരെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോളേജ് സെക്യൂരിറ്റി ഗാര്‍ഡിനെയും അറസ്റ്റ് ചെയ്തു. ആക്രമണം അധികൃതരെയോ പോലീസിനെയോ അറിയിക്കാതിരുന്നതിനുമാണ് ഗാര്‍ഡിനെതിരെ നടപടി എടുത്തത്.
പ്രധാന പ്രതി, തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും മുന്‍ വിദ്യാര്‍ത്ഥിയുമായ മോണോജിത് മിശ്രയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു.
ആക്രമണസമയത്ത് കോളേജിലെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി സംഭവത്തെ നോക്കി നിന്നുവെന്നും യുവതി ആരോപിച്ചു.