കൊൽക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയിരുന്ന സമരം കടുപ്പിക്കാനൊരുങ്ങി പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍.
പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിയ്‌ക്ക് മുന്നില്‍വച്ച ആവശ്യങ്ങള്‍ നിറവേറ്റാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്. ഒക്ടോബർ രണ്ടിന് ഡോക്‌ടര്‍മാര്‍ ബഹുജന റാലി സംഘടിപ്പിക്കും.
'ഞങ്ങള്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ട് 10 ദിവസമായി. പക്ഷേ ഇതുവരെയും ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുളള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെ'ന്ന് ജൂനിയർ ഡോക്‌ടർ അനികേത് മഹാതോ പറഞ്ഞു.
'നാളെ സുപ്രീം കോടതി ഹിയറിങ്ങിൽ അനുകൂലമായ എന്തെങ്കിലും നിര്‍ദേശം നല്‍കാത്ത പക്ഷം ഞങ്ങള്‍ സമ്പൂര്‍ണ സമരത്തിലേക്ക് പോകും' എന്നും അനികേത് മഹാതോ അറിയിച്ചു. അഭയയ്ക്കുള്ള നീതി എന്ന ഒരു അജണ്ടയെ കേന്ദ്രീകരിച്ചായിരുന്നു തങ്ങളുടെ സമരമെന്നും ജൂനിയര്‍ ഡോക്‌ടര്‍ പറഞ്ഞു.
പ്രതിഷേധത്തിൻ്റെ തുടക്കം മുതൽ തങ്ങള്‍ ഒരേ ആവശ്യങ്ങളാണ് മുന്നോട്ടുവയ്‌ക്കുന്നത് എന്ന് ആർജി കർ കോളജ് ആശുപത്രിയിലെ ഡോക്‌ടർ ശ്രേയ ഷാ പറഞ്ഞു.
തങ്ങളുടെ അഞ്ച് ആവശ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല. രോഗികൾക്ക് തങ്ങളെ ആവശ്യമാണെന്ന് കരുതി തങ്ങൾ ഡ്യൂട്ടിയില്‍ ചേര്‍ന്നു.
എന്നാൽ ഇതിനിടയിൽ സാഗർ ദത്ത മെഡിക്കൽ കോളജ് ഹോസ്‌പിറ്റലിലും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മുഖ്യമന്ത്രിയുമായും സർക്കാരുമായും തങ്ങൾ നടത്തിയ കൂടിക്കാഴ്‌ചകളെല്ലാം വിഫലമായി. സര്‍ക്കാരിനും കോടതിയ്ക്കും മുകളിലുളള സമ്മർദം ഉയര്‍ത്തേണ്ട ആവശ്യമുണ്ടെന്നും ശ്രേയ പറഞ്ഞു.