ടോൾ പ്ലാസകളുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ 5100- വനിതാജീവനക്കാരെ വിന്യസിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

പ്രധാന വ്യവസായ അസോസിയേഷനുകളുമായും ടോൾ പ്ലാസ ഓപ്പറേറ്റർമാരുമായും നടത്തിയ വിശദ ചർച്ചകൾക്കുശേഷമാണ് തീരുമാനം.

New Update
img(41)

ഡൽഹി : രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ടോൾ പ്ലാസയുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 1140 ടോൾ പ്ലാസകളിൽ 5100- വനിതാജീവനക്കാരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിന്യസിച്ചു. പകൽ ഷിഫ്റ്റിൽ ടോൾ ബൂത്തുകളാണ്‌ ഇവർ നിയന്ത്രിക്കുക.

Advertisment

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടോൾ പ്ലാസകളിലെ സേവനവിതരണം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് റോഡ് ഗതാഗത -ഹൈവേ മന്ത്രാലയം വ്യക്തമാക്കി. 

പ്രധാന വ്യവസായ അസോസിയേഷനുകളുമായും ടോൾ പ്ലാസ ഓപ്പറേറ്റർമാരുമായും നടത്തിയ വിശദ ചർച്ചകൾക്കുശേഷമാണ് തീരുമാനം.

ഹൈവേ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഹൈവേസ് ബിൽഡർ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ തീരുമാനത്തെ പിന്തുണച്ചു.

പുതുതായി ചുമതലയേറ്റ ജീവനക്കാർക്ക് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എൻഎച്ച്എഐ പ്രത്യേക പരിശീലനവും നൽകും. 

യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, സുരക്ഷാ പ്രോട്ടോക്കോൾ, ടോൾ പ്രവർത്തനങ്ങളിലെ കൃത്യത തുടങ്ങിയവയിലാണ് പരിശീലനം കേന്ദ്രീകരിക്കുക.

സ്ത്രീകൾക്ക് സുരക്ഷിതവും പ്രൊഫഷണലുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലൂടെ സാമൂഹിക ശാക്തീകരണം സാധ്യമാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.

Advertisment