'അടിയേല്‍ക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്'. കൊറിയൻ ഭ്രമം, അച്ഛന്റെ കോടികളുടെ കടബാധ്യത; ഗാസിയാബാദ് സഹോദരിമാരുടെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

കൊറിയന്‍ നടന്മാരോടും കെ-പോപ്പ് ഗ്രൂപ്പുകളോടുമുള്ള ആരാധന മൂലം തങ്ങള്‍ ഇന്ത്യക്കാരെ വിവാഹം കഴിക്കില്ലെന്നും കൊറിയക്കാരെ മാത്രമേ വിവാഹം കഴിക്കൂ എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

New Update
Untitled

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒമ്പതാം നിലയില്‍ നിന്ന് ചാടി മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു.

Advertisment

നിഷിക (16), പ്രാചി (14), പാഖി (12) എന്നീ പെണ്‍കുട്ടികളാണ് ബുധനാഴ്ച പുലര്‍ച്ചെ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചത്. കൊറിയന്‍ സംസ്‌കാരത്തോടുള്ള കടുത്ത ആരാധനയും അച്ഛന്റെ ഭീമമായ കടബാധ്യതയും കുടുംബത്തിലെ അസ്വാരസ്യങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


പെണ്‍കുട്ടികളുടെ മുറിയില്‍ നിന്ന് ഒമ്പത് പേജുള്ള ഒരു ഡയറിയും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ ജീവിതകഥയെന്ന് അവര്‍ വിശേഷിപ്പിച്ച ഈ ഡയറിയില്‍ കൊറിയന്‍ സംസ്‌കാരത്തോടുള്ള അതിരുകടന്ന താല്‍പ്പര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.


കൊറിയന്‍ നടന്മാരോടും കെ-പോപ്പ് ഗ്രൂപ്പുകളോടുമുള്ള ആരാധന മൂലം തങ്ങള്‍ ഇന്ത്യക്കാരെ വിവാഹം കഴിക്കില്ലെന്നും കൊറിയക്കാരെ മാത്രമേ വിവാഹം കഴിക്കൂ എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

കൊറിയന്‍ താല്‍പ്പര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചതില്‍ ഇവര്‍ അസ്വസ്ഥരായിരുന്നു. 'അടിയേല്‍ക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്' എന്ന് ഇവര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി കൊറിയന്‍ പ്രണയ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് പിതാവ് ചേതന്‍ കുമാര്‍ വെളിപ്പെടുത്തി. ഇതിന്റെ സ്വാധീനത്താല്‍ അവര്‍ സ്വന്തം പേരുകള്‍ മാറ്റുകയും കൊറിയന്‍ വ്യക്തിത്വങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ വീട്ടുകാര്‍ പിടിച്ചുവാങ്ങിയിരുന്നതായും ഇത് കുട്ടികളെ മാനസികമായി തളര്‍ത്തിയതായും പോലീസ് കരുതുന്നു.


പെണ്‍കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് ഓഹരി വിപണിയില്‍ ഏകദേശം 2 കോടി രൂപയുടെ നഷ്ടമുണ്ടായതായി പറയപ്പെടുന്നു. ഫോറെക്‌സ് ട്രേഡറായ ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ട്. സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും വീട്ടുചെലവിനായി മൊബൈല്‍ ഫോണുകള്‍ വരെ വില്‍ക്കേണ്ടി വന്നതായും അയല്‍വാസികള്‍ മൊഴി നല്‍കി.


പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ പരിക്കും രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച ഗെയിമിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കൊറിയന്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്ന് പോലീസ് അറിയിച്ചു.

Advertisment