/sathyam/media/media_files/2025/08/20/supreme-court-2025-08-20-16-34-22.jpg)
കോട്ടയം: വ്യക്തി നിയമ പ്രകാരം, പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി വിധി സമൂഹത്തെ ഞെട്ടിച്ചു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മിഷന്‍ നല്‍കിയ അപ്പീല്‍ തള്ളിയ സുപ്രീം കോടതി ബാലാവകാശ കമ്മീഷനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിക്കുന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ബാലാവകാശ കമ്മീഷന് എന്ത് കാര്യമെന്നും ജസ്റ്റിസ് ബിവി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.
നിയമപരമായി, 18 വയസ് തികയാത്ത പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാനാകില്ലെന്ന് ഇരിക്കെ, വ്യക്തിനിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധ്യമാകുമോയെന്ന നിയമപ്രശ്‌നമെങ്കിലും തുറന്നുവയ്ക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.
പ്രായപൂര്‍ത്തിയായില്ലെങ്കിലും മുസ്ലിം വ്യക്തിനിയമ പ്രകാരം, ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒപ്പം താമസിക്കാനും മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും വിധി.
16കാരിയും 21കാരനും വീട്ടുകാരില്‍ നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ കേസിലാണ് വിധി. ഇത് ചോദ്യം ചെയ്താണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ എത്തിയത്. എന്നാല്‍, ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ കോടതി കമ്മീഷനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കാനും മറന്നില്ല.
പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളില്‍ നിന്ന് ഉണ്ടാകുന്ന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ കഠിനമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ബി.വി നാഗരത്‌ന നിരീക്ഷിച്ചു.
പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. പതിനെട്ട് വയസ് തികയാത്തവരെയാണ് പോക്‌സോ നിയമത്തില്‍ കുട്ടികള്‍ എന്ന് നിര്‍വച്ചിരിക്കുന്നത്.
പതിനെട്ടു വയസ് തികയാതെ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് പോക്‌സോ നിയമത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതായി വിശദീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പതിനെട്ട് വയസ് തികയാത്ത മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കോടതി അത് തള്ളി.
അതേസമയം വിധി, മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, എന്നിവയെ വിധി പ്രതികൂലമായി ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്.
ശൈശവവിവാഹം, നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനം എന്നിവയിലേക്ക് ഇതു വഴിതെളിക്കുമെന്നും ആശങ്കയുണ്ട്. പണ്ടൊക്കെ പതിനഞ്ചിലോ പതിനാറിലോ ഒക്കെ എത്തുമ്പോഴായിരുന്നു പെണ്‍കുട്ടികള്‍ ഋതുമതികളാകുന്നതെങ്കില്‍ ഇന്നത് പത്തും പന്ത്രണ്ടും വയസ്സിലായിട്ടുണ്ട്. വിധി ചൂഷണം ചെയ്യപ്പെടുമെന്ന ആശങ്ക ശക്തമാണ്.
മുസ്ലീങ്ങളെ ആറാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകുന്ന ഒരു പിന്തിരിപ്പൻ നടപടിയാണിതെന്നാണ് ഉയർന്നു വരുന്ന ആരോപണം. 2021 ൽ ലോക്സഭയിൽ അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി പെൺകുട്ടികളുടെവിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്തണമെന്ന ബിൽ അവതരിപ്പിച്ചത്.
പെൺകുട്ടികളുടെയും ആൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കുന്ന ബില്ലായിരുന്നു അത്. അന്ന് ബില്ലിനെതിരെ കടുത്ത എതിർപ്പുയർന്നിരുന്നു.
വിവാഹം കഴിക്കുക എന്നത് ജീവിതത്തിലെ വളരെ നിർണായകമായ ഒരു തീരുമാനമാണ്. പക്ഷേ, ഈ തീരുമാനം പലപ്പോഴും പെൺകുട്ടിയുടേതായിരിക്കില്ല എന്നതാണ് സമൂഹത്തിലെ യാഥാർത്ഥ്യം.
സ്വന്തം ഇഷ്ടപ്രകാരം ഒരാളെ കണ്ടെത്താനും വിവാഹം കഴിക്കാനും അവസരം ലഭിക്കുന്നതിനു മുൻപുതന്നെ അച്ഛനും അമ്മയും ബന്ധുക്കളും തീരുമാനിക്കുന്ന ഒരാൾക്കൊപ്പം ജീവിതം തുടങ്ങേണ്ടി വരുന്ന ആയിരക്കണക്കിനു പെൺകുട്ടികളുടെ നാടാണ് ഇന്ത്യ.
കുറ്റകരമായിരിന്നിട്ടും ബാലവിവാഹങ്ങളുടെ കണക്കിലും ഇന്ത്യ മുന്നിൽ തന്നെയാണ്. ഇവിടെയെല്ലാം പെൺകുട്ടിയുടെ അഭിപ്രായവും നിലപാടും സ്വീകരിക്കപ്പെടുന്നില്ല.
പെൺകുട്ടികളെ ബാധ്യതയായി കാണുന്ന രക്ഷിതാക്കളുമുണ്ട്. പതിനെട്ട് തികഞ്ഞ് കിട്ടാനായി കാത്തിരിക്കുന്നവരാണ് അവർ. അവിടെ ബലി കഴിക്കപ്പെടുന്നത് പെൺകുട്ടികൾ തന്നെയാണ്.
ഇത്തരത്തിലുള്ള പെൺകുട്ടികളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതാണ് കോടതി വിധിയെന്നാണ് സമൂഹത്തിൽ ഉയർന്നു വരുന്ന അഭിപ്രായം.