ഇംഫാല്‍: മണിപ്പൂരില്‍ അക്രമം വര്‍ധിപ്പിക്കാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുടനീളം ഭീകരത വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് വിമതരും ഭീകരസംഘടനകളുമായി ചേര്‍ന്ന് രാജ്യാന്തര ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.
കുക്കി നാഷണല്‍ ഫ്രണ്ട്-മിലിട്ടറി കൗണ്‍സില്‍ (കെഎന്‍എഫ്-എംസി) അംഗമായ റോജര്‍ എന്നറിയപ്പെടുന്ന തോങ്മിന്‍താങ് ഹാക്കിപ്പ് ആണ് ഇംഫാല്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് റോജറിനെ അറസ്റ്റ് ചെയ്തത്. 2023 ജൂലൈ 19 നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അയല്‍രാജ്യമായ മ്യാന്‍മറിലെയും തീവ്രവാദ സംഘടനകളുടെ പിന്തുണയോടെ കുക്കിയും സോമിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
മേഖലയില്‍ നിലനില്‍ക്കുന്ന വംശീയ കലാപം മുതലെടുക്കാനും അക്രമാസക്തമായ ആക്രമണങ്ങളിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനുമാണ് ഗൂഢാലോചനക്കാര്‍ ലക്ഷ്യമിട്ടതെന്ന് ഏജന്‍സി ആരോപിക്കുന്നു.