തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പില്ല; സി.ബി.ഐ കുറ്റപത്രം പുറത്ത്, മുഖ്യമന്ത്രി നായിഡു മാപ്പ് പറയണമെന്ന് വൈ.എസ്.ആർ.സി.പി

ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന സ്ഥാപനമാണ് ഈ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തത്.

New Update
Untitled

നെല്ലൂര്‍: രാജ്യമെങ്ങും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച തിരുപ്പതി ലഡു പ്രസാദത്തിലെ 'മൃഗക്കൊഴുപ്പ്' വിവാദത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സി.ബി.ഐ കുറ്റപത്രം.

Advertisment

2019 നും 2024 നും ഇടയില്‍ ലഡു നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ ബീഫ് ടാലോയോ (പോത്തിറച്ചിയിലെ കൊഴുപ്പ്) പന്നിക്കൊഴുപ്പോ കലര്‍ന്നിട്ടില്ലെന്ന് സി.ബി.ഐ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജനുവരി 23-ന് നെല്ലൂരിലെ ആന്റി കറപ്ഷന്‍ ബ്യൂറോ കോടതിയിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്.


ലഡു നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് സി.ബി.ഐ സ്ഥിരീകരിച്ചു. എന്നാല്‍ ഇത് മൃഗങ്ങളില്‍ നിന്നുള്ള കൊഴുപ്പല്ല, മറിച്ച് വെജിറ്റബിള്‍ ഓയിലുകളും രാസവസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച കൃത്രിമ നെയ്യാണെന്ന് കണ്ടെത്തി.

പാം ഓയില്‍, പാം കേര്‍ണല്‍ ഓയില്‍ എന്നിവ കലര്‍ത്തിയാണ് ഈ കൃത്രിമ നെയ്യ് നിര്‍മ്മിച്ചത്. ലാബ് പരിശോധനകളില്‍ നെയ്യുടെ പരിശുദ്ധി അളക്കുന്ന ആര്‍.എം മൂല്യം കൃത്രിമമായി വര്‍ദ്ധിപ്പിക്കാന്‍ അസറ്റിക് ആസിഡ് എസ്റ്ററുകള്‍ ചേര്‍ത്ത് അധികൃതരെ കബളിപ്പിക്കുകയായിരുന്നു.


ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന സ്ഥാപനമാണ് ഈ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തത്. ഈ കമ്പനിയില്‍ പാല്‍ സംഭരിക്കുകയോ വെണ്ണ ഉല്‍പ്പാദിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും പകരം കൃത്രിമമായി നെയ്യ് നിര്‍മ്മിച്ച് വിതരണം ചെയ്യുകയുമായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തി. ഏകദേശം 250 കോടി രൂപയുടെ നെയ്യാണ് ഇത്തരത്തില്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നല്‍കിയത്.


തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും പ്രസ്താവനകള്‍ തെറ്റാണെന്ന് തെളിഞ്ഞതായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പതികരിച്ചു.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതിനും ലഡുവിന്റെ പവിത്രതയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയതിനും മുഖ്യമന്ത്രി നായിഡു പരസ്യമായി മാപ്പ് പറയണമെന്ന് വൈ.എസ്.ആര്‍.സി.പി ആവശ്യപ്പെട്ടു.

Advertisment