ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു പ്രസാദത്തില്‍ മായം ചേര്‍ത്തതിനെ തുടര്‍ന്ന് ആരംഭിച്ച വിവാദം അവസാനിക്കുന്നില്ല. രാഷ്ട്രീയക്കാര്‍ മുതല്‍ പൂജാരിമാരും സിനിമാ രംഗത്തെ പ്രമുഖരും വിവാദത്തില്‍ പ്രതികരിക്കുന്നുണ്ട്.
അതിനിടെ, ക്ഷേത്രഭരണം സര്‍ക്കാര്‍ നടത്തേണ്ടെന്ന് അഭിപ്രായപ്പെട്ട് ശങ്കരാചാര്യ അധോക്ഷജാനന്ദ് ദേവ തീര്‍ത്ഥ രംഗത്തെത്തി.
തിരുപ്പതിയിലെ ലഡ്ഡു പ്രസാദത്തില്‍ മായം കലര്‍ത്തുന്നതിനെ അപലപിച്ച ശങ്കരാചാര്യ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരുകളുടെ കൈയിലല്ല, പ്രത്യേക ബോര്‍ഡിന്റെ കൈയിലാണെന്ന് ഉറപ്പാക്കണമെന്ന് പറഞ്ഞു.
മഥുരയിലെ ഗോവര്‍ദ്ധനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ശങ്കരാചാര്യ ഇക്കാര്യം പറഞ്ഞത്.
'ഇത് ജനങ്ങളുടെ മതവികാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. കുറ്റക്കാരെ വെറുതെ വിടാന്‍ പാടില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരിന്റെ കൈകളിലാകരുതെന്നും അദ്ദേഹം പറഞ്ഞു.