കാൺപൂരിൽ ലംബോർഗിനി കാർ പാതയോരത്തേക്ക് പാഞ്ഞുകയറി: യുവാവിന് പരിക്ക്, ഡ്രൈവർക്ക് അപസ്മാരം ബാധിച്ചെന്ന് മൊഴി

അപകടത്തില്‍പ്പെട്ട ആഡംബര കാര്‍ ഗ്വാള്‍ ടോളി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ തൗഫീഖ് അഹമ്മദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്,

New Update
Untitled

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആഡംബര കാറായ ലംബോര്‍ഗിനി നിയന്ത്രണം വിട്ട് പാതയോരത്തേക്ക് പാഞ്ഞുകയറി അപകടം. പ്രമുഖ പുകയില വ്യാപാരി എ.കെ. മിശ്രയുടെ മകന്‍ ശിവം മിശ്ര ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ തൗഫീഖ് അഹമ്മദ് എന്ന യുവാവിന് പരിക്കേറ്റു.

Advertisment

ഗ്വാള്‍ ടോളി മേഖലയിലെ എക്‌സ്പ്രസ് റോഡില്‍ വെച്ചായിരുന്നു അപകടം. കാര്‍ ഓടിക്കുന്നതിനിടെ ശിവം മിശ്രയ്ക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടാവുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്തതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.


മെയിന്‍ റോഡില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ പാതയോരത്തുള്ള ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന തൗഫീഖിനെ ഇടിച്ച കാര്‍ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും തട്ടി. കാര്‍ അമിതവേഗതയില്‍ അല്ലാതിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടത്തിന് പിന്നാലെ പുകയില വ്യാപാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ (ബൗണ്‍സര്‍മാര്‍) നിരവധി പേര്‍ സ്ഥലത്തെത്തി. പരിക്കേറ്റ യുവാവിനെ സഹായിക്കുന്നതിന് പകരം ആഡംബര കാര്‍ തുണിയിട്ട് മൂടി വെക്കാനും സ്ഥലത്തുനിന്ന് മാറ്റാനുമാണ് ഇവര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.


അപകടത്തില്‍പ്പെട്ട ആഡംബര കാര്‍ ഗ്വാള്‍ ടോളി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ തൗഫീഖ് അഹമ്മദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.


ഡ്രൈവര്‍ക്ക് ശരിക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. 'പരിക്കേറ്റയാള്‍ ചികിത്സയിലാണ്. നിലവില്‍ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിക്കുന്ന മുറയ്ക്ക് കര്‍ശന നടപടി സ്വീകരിക്കും,' എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അതുല്‍ ശ്രീവാസ്തവ വ്യക്തമാക്കി.

Advertisment