ശ്രീനഗര്‍: അഞ്ച് ജവാന്‍മാരുടെ വീരമൃത്യവിനിടയാക്കിയ കത്വ ആക്രമണത്തിന് പിന്നാലെ ഭീകരരെ കണ്ടെത്താന്‍ സുരക്ഷ സേന കശ്‌മീരിലെ വിവിധ ജില്ലകളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ മേഖലയില്‍ വീണ്ടും സ്ഫോടനം.
ഇക്കുറി കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. രജൗരി ജില്ലയിലെ നുഴഞ്ഞ് കയറ്റ മേഖലയായ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്.
രണ്‍ഭൂമി ഗ്യാപ് സീറോ രേഖയ്ക്ക് സമീപമാണ് വന്‍ പൊട്ടിത്തെറിയുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയാണ് സംഭവം. തുടര്‍ന്ന് പ്രദേശത്ത് ഇനിയും സ്ഫോടക വസ്‌തുക്കള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സുരക്ഷാ സേന വന്‍ തെരച്ചില്‍ നടത്തി.
സംഭവത്തെക്കുറിച്ച് സൈന്യമോ പൊലീസോ ഇതുവരെ യാതൊരു ഔദ്യോഗിക പ്രസ്‌താവനയും നടത്തിയിട്ടില്ല. ഈ മേഖലയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവരാകണം പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.