ശ്രീനഗര്‍: നിരോധിത ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്ബയും ജെയ്ഷെ-ഇ-മുഹമ്മദും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ സംരക്ഷണയില്‍ വീണ്ടും ജിഹാദി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.
പാകിസ്ഥാനിലെയും അധിനിവേശ ജമ്മു കശ്മീരിലെയും ആളുകളെ കശ്മീരിലെ ജിഹാദിന്റെ പേരില്‍ പ്രേരിപ്പിക്കുന്നതിനും യുവാക്കളെ ഭീകരതയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുമായി ലഷ്‌കര്‍ ഒരു ടിവി ചാനലും ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം, ലഷ്‌കര്‍, ജെയ്ഷെ കമാന്‍ഡര്‍മാര്‍ ജിഹാദി വീഡിയോകള്‍ തയ്യാറാക്കി യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയുള്‍പ്പെടെ വിവിധ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു.
ഇതുകൂടാതെ, രണ്ട് തീവ്രവാദ സംഘടനകളും പുതിയ പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്, ഇതില്‍, ജമ്മു ഡിവിഷനിലെ സാംബ സെക്ടറിന് എതിര്‍വശത്തുള്ള പാകിസ്ഥാനിലെ നരോവല്‍ പ്രദേശത്ത് ഒരു പുതിയ ക്യാമ്പ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പാകിസ്ഥാന്റെയും ഭീകര സംഘടനകളുടെയും ഓരോ നീക്കവും ഇന്ത്യന്‍ സുരക്ഷാ സേന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാകിസ്ഥാന്റെയും അധിനിവേശ ജമ്മു കശ്മീരിന്റെയും വിവിധ ഭാഗങ്ങളില്‍ ലഷ്‌കറിന്റെയും ജെയ്ഷെയുടെയും വിവിധ കമാന്‍ഡര്‍മാര്‍ എല്ലാ ദിവസവും റാലികള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.
കശ്മീരിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെയും അവര്‍ കാണുകയും പൊതുയോഗങ്ങളില്‍ അവരെ ആദരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനും കശ്മീര്‍ വിഷയത്തില്‍ അവരില്‍ ഇന്ത്യാ വിരുദ്ധ ജിഹാദി മാനസികാവസ്ഥ വളര്‍ത്തിയെടുക്കുന്നതിനുമായി ഒരു ടിവി ചാനലും ആരംഭിച്ചിട്ടുണ്ട്.
ജമ്മു-കശ്മീര്‍ യുണൈറ്റഡ് മൂവ്മെന്റ് (ജെകെയുഎം) എന്ന സംഘടനയുടെ കീഴിലാണ് ഈ ചാനല്‍ ആരംഭിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ജെകെയുഎം ഒരു മതപരവും രാഷ്ട്രീയവുമായ സംഘടനയാണെങ്കിലും, ഇത് ലഷ്‌കറിന്റെ മാതൃസംഘടനയായ ജമാത്തുല്‍ ദവയുടെ ഭാഗമാണ്.
കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളെയും അവരുടെ കുടുംബങ്ങളെയും അടിസ്ഥാനമാക്കിയുള്ള പരിപാടികളും ഈ ടിവി ചാനലില്‍ അവതരിപ്പിക്കുന്നുണ്ട്.
കശ്മീരി യുവാക്കള്‍ക്ക് വീഡിയോകള്‍ അയയ്ക്കുന്നുണ്ട്. ടിവി ചാനല്‍ ആരംഭിക്കുന്നതിനു പുറമേ, ലഷ്‌കര്‍, ജെയ്ഷെ എന്നിവയുടെ പ്രശസ്ത കമാന്‍ഡര്‍മാരുടെയും ഈ രണ്ട് സംഘടനകളുമായി ബന്ധപ്പെട്ട വിവിധ ഉലമകളുടെയും ജിഹാദി പ്രസംഗങ്ങളുടെ വിവിധ വീഡിയോ, ഓഡിയോ സന്ദേശങ്ങളും ഐഎസ്ഐ തയ്യാറാക്കിയിട്ടുണ്ടെന്നും വിവിധ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴി അവ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനുപുറമെ, ജമ്മു കശ്മീരില്‍ സജീവമായ തീവ്രവാദികളിലൂടെയും അവരുടെ ഭൂഗര്‍ഭ പ്രവര്‍ത്തകരിലൂടെയും ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ സജീവമായ ജിഹാദി ഘടകങ്ങളിലൂടെയും ഈ പ്രസംഗങ്ങള്‍ കശ്മീരി യുവാക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ കശ്മീര്‍ ജിഹാദ് പ്രചരണം നടക്കുന്നുണ്ടെന്ന് മാത്രമല്ല, ജെയ്ഷെ, ലഷ്‌കര്‍ എന്നിവര്‍ അവരുടെ പഴയ പരിശീലന ക്യാമ്പുകള്‍ പൂര്‍ണ്ണമായും സജീവമാക്കുന്നതിനൊപ്പം ചില പുതിയ പരിശീലന ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
അന്താരാഷ്ട്ര അതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ പുതിയ ക്യാമ്പുകള്‍ സ്ഥാപിക്കപ്പെടുന്നു, അവിടെ പാകിസ്ഥാന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ സ്‌ട്രൈക്ക് ഗ്രൂപ്പും ബാറ്റ് സ്‌ക്വാഡുകളും തിരഞ്ഞെടുത്ത ഭീകരരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
പാകിസ്ഥാനിലെ നരോവലില്‍, സാംബ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്ത് സമാനമായ ഒരു ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പിലാണ് ജെയ്ഷെ കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്.