/sathyam/media/media_files/xYrEsnFlcQvhSAyHQHJ1.jpg)
ഡൽഹി: കൈവശമുള്ള കൂടുതൽ ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. 8000 മുതൽ 13000 കോടി വരെ ലക്ഷ്യമിട്ടാണ് ഓഹരിവില്പനയെന്നാണ് റിപ്പോർട്ട്. ഈ വർഷം അവസാനത്തോടെ വിറ്റൊഴിവാക്കാനാണ് നീക്കം.
സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കമ്പനിയിൽ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കലാണ് നീക്കത്തിന്‍റെ പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു.
പൊതുജനങ്ങളുടെ കൈവശമുള്ള എൽഐസിയുടെ ഓഹരി വിഹിതം 10 ശതമാനമായി ഉയർത്തലാണ് ലക്ഷ്യം. ഒരുമിച്ച് വിൽക്കുമ്പോഴുള്ള ഓഹരിയിടിവ് ഒഴിവാക്കാൻ ഘട്ടം ഘട്ടമായിട്ടാകും വില്പന. ആദ്യഘട്ട വിറ്റഴിക്കൽ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദം അവസാനത്തോടെ ഉണ്ടായേക്കാമെന്നാണ് സൂചന.
2022 മെയിലായിരുന്നു എൽഐസി ഐപിഒ നടന്നത്. അന്ന് 3.5 ശതമാനം ഓഹരികൾ വിറ്റ് ഇരുപതിനായിരം കോടിയിലധികം കേന്ദ്രം സമാഹരിച്ചിരുന്നു. സെബിയുടെ ചട്ടങ്ങൾ അനുസരിച്ച്, ലിസ്റ്റ് ചെയ്ത ഓരോ കമ്പനിക്കും കുറഞ്ഞത് 10 ശതമാനം പൊതു ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണം.
പൊതുജന പങ്കാളിത്തം പത്ത് ശതമാനമാക്കണമെങ്കിൽ ഇനി 6.5 ശതമാനം ഓഹരികൾ കൂടി വിൽക്കേണ്ടതുണ്ട്. 37,000 കോടിയാണ് ഇതിന്റെ മൂല്യമായി കണക്കാക്കുന്നത്.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ എൽഐസിയുടെ ഓഹരികൾ കുതിച്ചുയർന്നു. 901 രൂപയിൽ ആരംഭിച്ച ഓഹരി വില 2 ശതമാനം വരെ ഉയർന്ന് 915 രൂപയിലെത്തിയിരുന്നു. കമ്പനിയുടെ ആകെ മൂല്യം 5.7 ലക്ഷം കോടിയാണ്.
പൊതുജന സ്വീകാര്യത പരിശോധിച്ച് വിലയിരുത്തിയ ശേഷമാകും എങ്ങനെയുള്ള വിൽപന രീതി അവലംബിക്കണമെന്ന് തീരുമാനിക്കുക. ഇതിനായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വിൽപന പ്ലാനുകൾ തയ്യാറാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us