ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം നടപ്പിലാക്കിയതിലെ ക്രമക്കേടുകള്‍ കാരണം ഖജനാവിന് 2,026 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിച്ചതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍.
ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാര്യമായ വീഴ്ചകള്‍, നയ വ്യതിയാനങ്ങള്‍, ലംഘനങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നുണ്ട്.
കൂടാതെ, നയം ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആം ആദ്മി നേതാക്കള്‍ക്ക് കൈക്കൂലിയുടെ നേട്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്
അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം വിദഗ്ദ്ധ പാനലിന്റെ ശുപാര്‍ശകള്‍ അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നിരവധി പ്രധാന തീരുമാനങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരവും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരവും ലഭിച്ചിട്ടില്ലെന്നും സിഎജി കണ്ടെത്തി
ഡല്‍ഹി നിയമസഭയില്‍ ഇതുവരെ അവതരിപ്പിക്കാത്ത ഈ റിപ്പോര്‍ട്ടില്‍ പരാതികള്‍ ഉണ്ടായിരുന്നിട്ടും എല്ലാ സ്ഥാപനങ്ങളെയും ലേലം വിളിക്കാന്‍ അനുവദിച്ചുവെന്നും ലേലക്കാരുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചില്ലെന്നും വെളിപ്പെടുത്തുന്നു.