/sathyam/media/media_files/yUVbwovivjCJZUAQic8Y.jpg)
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ എംപിമാരുടെ ഹാജര്‍ ഉറപ്പിക്കാന്‍ മുന്നണികളുടെ ശ്രമം. എല്ലാ എംപിമാരും സഭയില്‍ എത്തണമെന്ന് മുന്നണികള്‍ നിര്‍ദ്ദേശം നല്‍കി. എംപിമാര്‍ ഹാജര്‍ ഉറപ്പാക്കണമെന്ന് എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ നാലു എംപിമാരും എന്‍ഡിഎയെ പിന്തുണയ്ക്കും.
ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി കൊടിക്കുന്നിൽ സുരേഷ് നാമനിർദേശ പത്രിക സമർപിച്ചതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ഒരുങ്ങിയത്. രാജസ്ഥാൻ എംപി ഓം ബിർലയാണ് എൻഡിഎ സ്ഥാനാർഥി.
ഇന്ത്യാ മുന്നണിയില്‍ കൂടിയാലോചന നടത്താതെ കൊടിക്കുന്നിലിനെ കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്‌തെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തൃണമൂലിനെ കോണ്‍ഗ്രസ് അനുനയിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.