ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഒന്‍പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അഖിലേഷ് യാദവ്, അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടും. ആന്ധ്രപ്രദേശ്, ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ന് നടക്കും.
നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലായി 1717 സ്ഥാനാർഥികളാണ് മത്സരംഗത്തുള്ളത്. ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 ലോക്സഭാ സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ, മധ്യപ്രദേശ് എന്നിവടങ്ങളിൽ എട്ടും ബിഹാറിൽ അഞ്ചും ഒഡിഷയിലെയും ജാർഖണ്ഡിലെയും നാലും ജമ്മുകശ്മീരിലെ ഒരു സീറ്റിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശിലെ 175ഉം ഒഡിഷയിലെ 147ഉം നിയമസഭാ സീറ്റിലേക്കും ഇന്ന് തെരഞ്ഞെടുപ്പും നടക്കും. ഇതുവരെ 283 ലോക്സഭാ സീറ്റുകളിലാണ് വോട്ടെടുപ്പ് അവസാനിച്ചത്.
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അർജുൻ മുണ്ട, കോൺഗ്രസ് നേതാവ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖർ നാലാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. എന്‍.ഡി.എയിൽ നിന്ന് 40 സിറ്റിങ് എം.പിമാരാണ് മത്സര രംഗത്തുള്ളത്.
ആദ്യം മൂന്ന് ഘട്ടങ്ങളിലെയും പോളിങ് ശതമാനത്തിലെ കുറവ് മറികടക്കാൻ വലിയ നീക്കങ്ങളാണ് പാർട്ടികൾ നടത്തിയത്. ആദ്യ മൂന്നു ഘട്ടങ്ങളിലെ പോളിങ് ശതമാനം യഥാക്രമം 66.14, 66.71, 65.68 എന്നിങ്ങനെയായിരുന്നു.