മുഗപ്പെയര്‍ ഈസ്റ്റ്: പ്രണയത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് അതിക്രൂരമായി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മുഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു.
കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും തമ്മില്‍ വഴക്കുണ്ടാകുകയും മകള്‍ കാമുകനെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞതോടെ കാമുകന്‍ വീട്ടിലെത്തി. മൂവരും തമ്മില്‍ വീടിനുള്ളില്‍വെച്ചും വഴക്കുണ്ടായി. തുടര്‍ന്ന് മൈഥിലിയെ, ശ്യാം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. എന്നാല്‍ ബന്ധത്തെ എതിര്‍ത്ത മൈഥിലി മകളെ പലതവണ വിലക്കിയിരുന്നു.
അഭിപ്രായവ്യത്യാസത്തെ ത്തുടര്‍ന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു.