/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹേതര ബന്ധത്തിലെ തകർച്ചയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി.
കാമാക്ഷിപാളയയിൽ താമസിക്കുന്ന 38-കാരിയാണ് തന്റെ അയൽക്കാരനായ കാമുകനെയും സുഹൃത്തായ യുവതിയെയും ഹോട്ടൽ മുറിയിൽ ഒരുമിച്ച് കണ്ടതിന് പിന്നാലെ അഗ്രഹാര ദസറഹള്ളിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത്.
അയൽക്കാരനായ കാമുകനും സുഹൃത്തായ യുവതിയും ദസറഹള്ളിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ കൈയോടെ പിടികൂടാനായി വീട്ടമ്മ സമീപത്തെ മറ്റൊരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഭർത്താവിനും രണ്ടു പെൺമക്കൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടമ്മ, ഓഡിറ്ററായി ജോലിചെയ്യുന്ന അയൽക്കാരനുമായി വർഷങ്ങളായി രഹസ്യബന്ധം തുടർന്നിരുന്നു. ഇരുവരും വിവാഹിതരാണ്.
എന്നാൽ, മാസങ്ങൾക്ക് മുൻപ് ഈ 38-കാരി തന്റെ സുഹൃത്തായ ഒരു യുവതിയെ കാമുകന് പരിചയപ്പെടുത്തി നൽകിയതോടെ കഥ മാറിമറിഞ്ഞു. പിന്നാലെ ഈ യുവതിയും വീട്ടമ്മയുടെ കാമുകനും അടുപ്പത്തിലായി.
വിവരം അറിഞ്ഞ വീട്ടമ്മ, വ്യാഴാഴ്ച കാമുകനും സുഹൃത്തും ദസറഹള്ളിയിലെ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്ന് മനസിലാക്കി. തുടർന്ന് ഇവരുടെ ഹോട്ടലിന് എതിർവശത്തുള്ള മറ്റൊരു ഹോട്ടലിൽ മുറിയെടുത്ത വീട്ടമ്മ, കാമുകന്റെ മുറിയുടെ വാതിലിൽ ഏറെ നേരം മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. ഇതോടെ വീട്ടമ്മ ബഹളംവെച്ചു.
കാമുകൻ ഹോട്ടൽ ജീവനക്കാരെ പരാതി അറിയിച്ചതോടെ, അവർ വീട്ടമ്മയെ പറഞ്ഞുവിട്ടു. തൊട്ടുപിന്നാലെ, താൻ താമസിച്ചിരുന്ന മുറിയിലെത്തി വീട്ടമ്മ ജീവനൊടുക്കുകയായിരുന്നു.
ബഹളംവെച്ച് മടങ്ങിയ വീട്ടമ്മയെ തേടിയെത്തിയ കാമുകനാണ് ഇവരെ മരിച്ചനിലയിൽ ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.