/sathyam/media/media_files/2025/12/12/indigo-flights-2025-12-12-21-04-49.jpg)
തിരുവനന്തപുരം: ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷയുമില്ലാതെയാണ് ചെലവു കുറഞ്ഞ വിമാനങ്ങൾ പറക്കുന്നത് ? സമീപകാലത്തെ സംഭവങ്ങൾ വിലയിരുത്തുമ്പോൾ ആർക്കും തോന്നാവുന്ന സംശയമാണിത്. വിമാനയാത്രയിൽ ഏറ്റവും നിർണായകം പൈലറ്റും വിമാനത്തിന്റെ കണ്ടിഷനുമാണ്.
എന്നാൽ പൈലറ്റുമാർക്ക് വേണ്ടത്ര വിശ്രമം നൽകാനുള്ള കേന്ദ്രത്തിന്റെ ഉത്തരവ് തിരുത്തിക്കാൻ ഇൻഡിഗോ എയർലൈന് കഴിഞ്ഞു. ജനങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുള്ള ഈ മുന്നോട്ടുപോക്ക് എത്രമാത്രം ഗുണകരമാണെന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയ പരിധി ചട്ടങ്ങളിൽ ഏർപ്പെടുത്തിയ മാറ്റങ്ങൾ മൂലം ഡിസംബർ ഒന്നു മുതൽ ഇൻഡിഗോയുടെ ആയിരക്കണക്കിന് സർവീസുകൾ മുടങ്ങിയതോടെയാണ് കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നത്.
ഇൻഡിഗോയുടെ 20ശതമാനം സർവീസുകൾ കേന്ദ്രം വെട്ടിക്കുറച്ചെങ്കിലും സുരക്ഷയിലെ വെള്ളംചേർക്കൽ അതീവ അപകടകരമാണെന്നാണ് വിദ്ഗദ്ധർ പറയുന്നത്.
ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ചട്ടങ്ങളിലെ മാറ്റമായ, പൈലറ്റിന് 36 മണിക്കൂറിനു പകരം 48 മണിക്കൂർ വിശ്രമം ഏർപ്പെടുത്തിയതാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കിയത്. ഈ ചട്ടം പാലിക്കണമെങ്കിൽ ഇൻഡിഗോയ്ക്ക് പുതുതായി 2000 പൈലറ്റുമാരെ നിയമിക്കേണ്ടി വരുമായിരുന്നു.
ഒരു രാത്രിയിൽ ആറിനു പകരം രണ്ടു ലാൻഡിംഗ് മാത്രം മതിയെന്ന കേന്ദ്രവ്യവസ്ഥയും സുരക്ഷ മുൻനിർത്തിയായിരുന്നു. എന്നാൽ ഇൻഡിഗോ പ്രതിസന്ധിയോടെ ഇളവുകൾ വന്നേക്കുമെന്നതാണ് സ്ഥിതി. എന്നാൽ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഈ രണ്ട് വ്യവസ്ഥയും അതേപടി പാലിക്കാനാവില്ല.
കാരണം ഏറ്റവും കുറഞ്ഞ നിരക്കിൽ ഇൻഡിഗോ വിമാനയാത്രയ്ക്ക് സൗകര്യമൊരുക്കുന്നത് നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസുകളുടെയോ ജീപ്പുകളുടെയോ തുടർച്ചയായ ഓട്ടം പോലെ പറക്കുന്നത് കൊണ്ടാണ്.
പരമാവധി വിമാനങ്ങൾ പരമാവധി സമയം പറത്തുക, വിമാനത്താവളങ്ങളിൽചെലവിടുന്ന സമയം പരമാവധി കുറയ്ക്കുക എന്നിങ്ങനെയാണ് ഇൻഡിഗോയുടെ രീതി.
ഇൻഡിഗോയുടെ സർവീസുകളിൽ ബഹുഭൂരിപക്ഷവും രാത്രിയിലാണ്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്. രാത്രികാലത്ത് വിമാനത്താവള ഫീസ് കുറവാണെന്നതാണ് ഒന്ന്.
വിമാനങ്ങളുടെ തിരക്ക് കുറവായതിനാൽ എയർപോർട്ടിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് വിമാനത്തിന് വന്നിറങ്ങി തിരിച്ചു പോകാമെന്നതാണ് രണ്ടാമത്തേത്.
ദീർഘദൂര സർവീസുകളിൽ വലിപ്പമുള്ള വിമാനങ്ങളുപയോഗിച്ച് പറക്കുന്നതിനേക്കാൾ, ചെറു-ഇടത്തരം റൂട്ടുകളിൽ ഇടത്തരം വിമാനങ്ങൾ പറത്തുന്നതാണ് ചെലവു കുറഞ്ഞ എയർലൈനുകളുടെ രീതി. കൂടുതൽ റൂട്ടുകളിൽ പറന്നാൽ കൂടുതൽ യാത്രക്കാരും കൂടുതൽ വരുമാനവുമുണ്ടാവും.
ഇൻഡിഗോയുടെ പറക്കൽ രീതിയുടെ ഒരു ഉദാഹരണം ഇങ്ങനെയാണ് - രാത്രി 9.15 ന് ബെംഗളുരുവിൽ നിന്ന് പറന്നുയർന്ന് 12.05 ന് കൊച്ചിയിലിറങ്ങുക. 12.40 ന് കൊച്ചിയിൽ നിന്ന് ടേക്കോഫ്, 1.35 ന് ചെന്നൈയിൽ ലാൻഡിങ്. 2.05ന് ചെന്നൈയിൽ നിന്നു പറന്ന് മൂന്നിന് ഹൈദരാബാദിൽ. വെളുപ്പിന് 3.40ന് ഹൈദരാബാദിൽ നിന്ന് ടേക്കോഫു ചെയ്ത് 4.20ന് ബെംഗളുരുവിൽ ഇറങ്ങുക.
ഒരു രാത്രി ഒരു പൈലറ്റിന്റെ, ഒരു വിമാനത്തിലുള്ള പറക്കലാണിത്. നാലു ലാൻഡിങ് - അതിൽ രണ്ടെണ്ണം വെളുപ്പിന് രണ്ടുമുതൽ ആറുവരെയുള്ള അപകടകരമായ നേരത്തും. എന്നാൽ എയർ ഇന്ത്യ രാത്രി പറക്കുന്നത് രണ്ടു സെക്ടറിലാവും, രണ്ട് ലാൻഡിങ്ങും.
ഡൽഹി-ബെംഗളുരു, പിന്നെ വിശ്രമം, നേരം പുലർന്നു കഴിഞ്ഞ് ബെംഗളുരുവിൽ നിന്ന് തിരിച്ച് ഡൽഹിക്ക്. ലോ-കോസ്റ്റ് എയർലൈൻ തന്നെയാണെങ്കിലും സ്‌പൈസ്‌ജെറ്റും രാത്ര പറക്കലുകൾ പരമാവധി രണ്ടേ നടത്താറുണ്ടായിരുന്നുളളു.
പുതിയ പറക്കൽ സമയക്രമ നിയന്ത്രണം ഇൻഡിഗോയല്ലാതെ മറ്റ് എയർലൈനുകളുടെ പ്രവർത്തന രീതിയെ കാര്യമായി ബാധിക്കുന്നതേയില്ല. ആഴ്ചയിൽ 36 നു പകരം 48 മണിക്കൂർ വിശ്രമം പൈലറ്റുമാർക്ക് കൊടുക്കണമെന്നതു മാത്രമാണ് അവരെ സംബന്ധിച്ച് സാരമായ വ്യത്യാസം.
രാത്രി പറക്കലുകൾ കുറയ്ക്കുമ്പോൾ അവർക്കിത് എളുപ്പത്തിൽ നടപ്പാക്കാനാവും. ഇൻഡിഗോയ്ക്ക് ഒരു വിമാനത്തിന് 12.2 പൈലറ്റുമാരാണ് ഇപ്പോഴുള്ളത്. എയർ ഇന്ത്യയ്ക്ക് 26.3 എന്ന വമ്പൻ അനുപാതമാണ്. പക്ഷേ സ്‌പൈസ് ജെറ്റിന് ഇത് വെറും പതിനൊന്നാണ്.
ദിവസം ശരാശരി 2300 സർവീസുകൾ നടത്തുമായിരുന്ന ഇൻഡിഗോയ്ക്ക്, പ്രശ്‌നം ഏറ്റവും രൂക്ഷമായ ഡിസംബർ അഞ്ചിന് വെറും 700-800 സർവീസു മാത്രം നടത്താനാണ് കഴിഞ്ഞതെങ്കിൽ, സാധാരണ 220-240 സർവീസ് നടത്താറുണ്ടായിരുന്ന സ്‌പൈസ് ജെറ്റ് അന്നു നടത്തിയത് 250-270 സർവീസുകളാണ്.
1100-1200 സർവീസ് എന്ന നിരക്ക് പാലിച്ചിരുന്ന എയർ ഇന്ത്യയും ആ ദിവസം 1160-1270 സർവീസുകൾ നടത്തി. ഡിസംബർ ഒൻപതിനു മുമ്പും പിമ്പും ഇതേ രീതി തന്നെയാണ്. എയർ ഇന്ത്യ 1100-1200 സർവീസുകൾ എന്ന സാധാരണ മട്ട് തുടർന്നപ്പോൾ, സ്‌പൈസ്‌ജെറ്റും അവരുടെ സാധാരണ എണ്ണമായ 220-240 എല്ലാദിവസവും പാലിച്ചു.
പുതിയ പറക്കൽ സമയപരിധിക്രമ നിയമം അടുത്ത കൊല്ലം ഫെബ്രുവരി മുതൽ പാലിക്കണമെങ്കിൽ ഇൻഡിഗോയ്ക്ക് രണ്ടായിരത്തിലേറെ പൈലറ്റുമാരെ നിയമിക്കേണ്ടി വരും.
അല്ലെങ്കിൽ രാത്രിയാത്ര കഴിയുന്നത്ര ഒഴിവാക്കുകയും ദീർഘദൂര സർവീസുകൾ കൂട്ടുകയും ചെറുസെക്ടറുകളിലെ പറക്കൽ കുറയ്ക്കുകയും ചെയ്യുക. രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇൻഡിഗോ ഒരു യഥാർത്ഥ ലോ-കോസ്റ്റ് എയർലൈൻ അല്ലാതെയാവും. പല സെക്ടറുകളിലും സർവീസുകൾ കുറയുകയോ ഇല്ലാതാവുകയോ ചെയ്യാം. ആഭ്യന്തര യാത്രാ ടിക്കറ്റ് നിരക്കിൽ കുതിപ്പ് ഉണ്ടാകാം.
കൂടുതൽ പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനിക്കുന്നതെങ്കിലും ടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യമുണ്ടാവാം. ചുരുക്കത്തിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രയെ അപ്പാടെ മാറ്റിമറിക്കുന്നതായിരിക്കും ഇക്കാര്യത്തിൽ ഇൻഡിഗോ കൈക്കൊളളുന്ന തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us