ഡല്‍ഹി: എല്‍ടിടിഇക്കുള്ള നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുഎപിഎ നിയമപ്രകാരമാണ് നിരോധനം.
തമിഴര്‍ക്കായി ഒരു പ്രത്യേക മാതൃരാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സംഘടനയാണ് എല്‍ടിടിഇ. 1991ല്‍ രാജീവ് ഗാന്ധി വധത്തിന് ശേഷമാണ് എല്‍ടിടിഇ രാജ്യത്ത് നിരോധിച്ചത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിരോധനം നീട്ടി വരികയായിരുന്നു.
എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായായി നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എതിരേ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
തമിഴ്നാട്ടിലേക്ക് ലഹരി, ആയുധങ്ങള്‍ എന്നിവ കടത്താനുള്ള ശ്രമങ്ങളും എല്‍ടിടിഇയിലൂടെ നടക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.