/sathyam/media/media_files/2026/02/16/1001664464-2026-02-16-12-14-22.webp)
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് വീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം.
പ്രതാപ്ഗഢിലെ തിരക്കേറിയ മാര്‍ക്കറ്റിന് അടുത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെയാണ് സംഭവം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവായ ലാല് ബഹദൂർ യാദവാണ് (48) മരിച്ചത്. ക്രെറ്റ കാറിൽ ബാബുഗഞ്ചിൽ നിന്ന് പ്രതാപ്‌ഗഡിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം.
വീട്ടിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെ വെച്ചായിരുന്നു ദാരുണ സംഭവം.
ഭാരത് പെട്രോളിയത്തിന്റെ ഏകദേശം 65 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് പെട്രോൾ പമ്പിന് മുന്നിൽ ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഈ പോസ്റ്റിന് ഏകദേശം 40 ക്വിന്റൽ തൂക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പോസ്റ്റ് ഉയർത്തുന്നതിനിടെ ക്രെയിനിന്റെ ബെൽറ്റ് പെട്ടെന്ന് പൊട്ടുകയും ഭാരമേറിയ ഈ ഇരുമ്പ് തൂൺ യാദവിന്റെ വാഹനത്തിന് മുകളിലേക്ക് നേരിട്ട് പതിക്കുകയുമായിരുന്നു.
കാറിന്റെ വാതിൽ തകർത്താണ് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻതന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് കരാറുകാരൻ കൂടിയാണ് മരിച്ച ലാൽ ബഹദൂർ യാദവ്. അന്തു നഗർ പഞ്ചായത്തിലേക്ക് രണ്ടുതവണ മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.
സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us