ലക്നൗ: ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയതിനെ തുടർന്ന് മൂന്നാഴ്ചയായി ഇരുട്ടിലായി ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമം.
ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലായിരിക്കുകയാണ്.
വൈദ്യുതി മുടങ്ങിയതോടെ ജലസേചനത്തിനായി കര്‍ഷകര്‍ക്ക് ഇലക്ട്രിക് പമ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.
കൂടാതെ അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനവും തടസ്സപ്പെട്ടിരിക്കുകയാണ്.
ഡിസംബര്‍ 15നാണ് ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയ വിവരം ഗ്രാമവാസികൾ അറിയുന്നത്. പ്രഭാതസവാരിയ്ക്കിറങ്ങിയ നാട്ടുകാരാണ് ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പോയ വിവരം കണ്ടെത്തിയത്.
ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ചെമ്പ് കമ്പികളും, ഓയിലും മോഷ്ടിച്ച കള്ളന്‍മാര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ അവശേഷിക്കുന്ന ഭാഗം തൊട്ടടുത്തുള്ള പാടത്ത് ഉപേക്ഷിച്ചു.
താല്‍ക്കാലികമായി ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന് വൈദ്യുതി വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ നരേന്ദ്ര ചൗധരി പറഞ്ഞു.
‘അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് സൊറാഹയിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ശൈത്യകാലത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ മോഷണം പതിവായി നടക്കുന്നത്. പട്രോളിംഗ് ശക്തമാക്കാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,’’ അദ്ദേഹം പറഞ്ഞു.