ലക്നൗ: മഹാകുംഭമേളയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേർ മരിച്ചെന്ന് ഒദ്യോഗിക സ്ഥിരീകരണം. ഉത്തർപ്രദേശ് സർക്കാരണ് കണക്ക് പുറത്തുവിട്ടത്.
മരിച്ചവരിൽ 25 പേരെ തിരിച്ചറിഞ്ഞതായി യുപി സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ സൂചിപ്പിക്കുന്നു. അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ചവരിൽ കർണാടകയിൽ നിന്നും നാല് പേരും, അസമിൽ നിന്നും ഗുജറാത്തിൽ നിന്നും ഓരോരുത്തരും ഉൾപ്പെടുന്നു.
നിലവിൽ 5 പേരെയാണ് തിരിച്ചറിയാൻ ഉള്ളതെന്ന് ഡി ഐ ജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. 1920 എന്ന ഹെൽപ്പ് ലൈൻ നമ്പറും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഈ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.
തിക്കിലും തിരക്കിലും മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളും പ്രയാഗ് രാജ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.
/sathyam/media/media_files/2025/01/29/V7AEDxfNHzyOgwVQGepm.jpg)
മൗനി അമാവാസിയോട് അനുബന്ധിച്ച് പുണ്യ സ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകൾ പുലർച്ചെ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയതാണ് അപകടത്തിന് ഇടയാക്കിയത്.
ആളുകളെ വേർപിരിക്കാനായി കെട്ടിയ അഖാഡമാർഗിലെ ബാരിക്കേടുകൾ തകർന്ന് നിരവധി പേർ നിലത്ത് വീണതാണ് അപകടത്തിന് കാരണം.
തിക്കും തിരക്കും കൂടാൻ പ്രധാനകാരണം വിഐപി സന്ദർശനമാണെന്ന റിപ്പോർട്ടുകൾ യുപി പൊലീസ് തള്ളി. ഇന്ന് വിഐപി സന്ദർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്സില്‍ കുറിച്ചു.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മോദി പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം വ്യാപൃതരാണ്.
സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി എക്സില്‍ കുറിച്ചു.
അതേസമയം, അപകടത്തിന് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയാണെന്ന് രാഹുൽഗാന്ധിയും അഖിലേഷ് യാദവുമടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
എന്നാൽ ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
/sathyam/media/media_files/2025/01/29/8QReg2s90GGE6lH6ydNh.jpg)
മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണം. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം.
ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കുംഭമേളയിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ത്രിവേണി സംഗമത്തിലെ അഖാഡകളുടെ അമൃതസ്നാനം പുനഃരാരംഭിച്ചിട്ടുണ്ട്.