ലഖ്നൗ: ലഖ്നൗവിലെ ഒരു ഫ്‌ലാറ്റില്‍ ഭര്‍ത്താവ്, ഭാര്യ, മകള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം ലഭിച്ച ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം, വസ്ത്രവ്യാപാരിയായ ശോഭിത് റസ്‌തോഗി (48), ഭാര്യ സുചിത റസ്‌തോഗി, മകള്‍ ഖ്യാതി റസ്‌തോഗി (16) എന്നിവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി പോലീസ് കണ്ടെത്തി. ഇവരുടെ മൃതദേഹങ്ങള്‍ ലഖ്നൗവിലെ അഷ്റഫാബാദ് പ്രദേശത്തെ ഫ്‌ലാറ്റില്‍ നിന്നാണ് കണ്ടെത്തിയത്.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. വീട്ടില്‍ നിന്ന് പോലീസ് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശോഭിത് രാജാജിപുരത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയാണെന്ന് പോലീസ് പറഞ്ഞു.
സംഭവം അറിഞ്ഞതിനു പിന്നാലെ വെസ്റ്റ് ഡിസിപി വിശ്വജീത് ശ്രീവാസ്തവ് സ്ഥലത്തെത്തി, കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഫോറന്‍സിക് ഫീല്‍ഡ് യൂണിറ്റും അന്വേഷണം നടത്തുന്നു.