/sathyam/media/media_files/2025/08/15/1001173045-2025-08-15-13-47-42.webp)
ലഖ്‌നൗ: ലഖ്‌നൗ-ബറൗണി എക്‌സ്പ്രസിലെ എസി കോച്ചില്‍ തണുപ്പ് കുറവാണെന്ന യാത്രക്കാരുടെ പരാതി പരിഹരിക്കാനെത്തിയ അധികൃതര്‍ കണ്ടത് നൂറിലധികം മദ്യക്കുപ്പികള്‍. എസി ഡക്ടിൽ ഒളിപ്പിച്ച നിലയിൽ അനധികൃത മദ്യത്തിന്റെ പായ്ക്കറ്റുകൾ കണ്ടെത്തിയത്.
കോച്ചിലെ എയർ കണ്ടീഷനിംഗ് മോശമാണെന്ന് യാത്രക്കാർ ഓൺബോർഡ് മെയിന്റനൻസ് സ്റ്റാഫിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.
റെയില്‍വെ ടെക്നീഷ്യൻ എത്തി എസി ഡക്ട് പരിശോധിച്ചപ്പോഴാണ് യാത്രക്കാരും അധികൃതരും ഒരുപോലെ ഞെട്ടിയ കാഴ്ച കണ്ടത്.
സംഭവത്തിന്‍റെ വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
ട്രെയിനിലെ രണ്ടാമത്തെ എസി കോച്ചിലെ (എ-2) 40-ാം നമ്പർ സീറ്റിൽ ഇരുന്ന വിപിൻ കുമാർ എന്നയാളാണ് തണുപ്പില്ലാത്തതിനെക്കുറിച്ച് പരാതിപ്പെട്ടത്.
ആർപിഎഫിന്റെയും ജിആർപി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ മുഴുവൻ കോച്ചുകളുടെയും ഡക്ടുകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് 150 ലധികം മദ്യക്കുപ്പികള്‍ കണ്ടെടുത്തതെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എയർ കണ്ടീഷനിംഗ് ഡക്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന അനധികൃത മദ്യക്കുപ്പികളുടെ പായ്ക്കറ്റുകൾ ടെക്നീഷ്യൻ പുറത്തെടുക്കുന്നതും വിഡിയോയിലുണ്ട്.
സംഭവത്തില്‍ റെയില്‍വെയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഡിആർഎം സോൻപൂർ അറിയിച്ചു.
"യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. അനധികൃത മദ്യം അധികൃതര്‍ പിടിച്ചെടുത്തു.ഇതിന് ശേഷം എസിയുടെ തണുപ്പിന്‍റെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതിന് റെയില്‍വെ നന്ദി പറയുന്നു' റെയിൽവേ സേവ അറിയിച്ചു.
സംഭവത്തില്‍ ആവശ്യമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.
ഈ ട്രെയിനിൽ മദ്യക്കടത്ത് പിടിക്കപ്പെടുന്നത് ഇതാദ്യമായല്ല. മേയ് മാസത്തിൽ ഏകദേശം 700 ടെട്രാ പായ്ക്ക് മദ്യം പിടികൂടിയിരുന്നു. സംഭവത്തില്‍ ട്രെയിനിലെ ജനറേറ്റർ പവർ കാർ സ്റ്റാഫിലെ അംഗത്തെ പിടികൂടുകയും ചെയ്തിരുന്നു.