/sathyam/media/media_files/2025/08/21/jalalabad-2025-08-21-01-59-28.jpg)
ലക്നൗ: ഷാജഹാന്‍പൂര്‍ ജില്ലയിലെ ജലാലാബാദ് പട്ടണം ഇനി മുതല്‍ പരശുരാംപുരി എന്ന് അറിയപ്പെടും. സ്ഥലപ്പേരിന്റെ മാറ്റത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി നല്‍കിയ പേര് മാറ്റാനുള്ള നിര്‍ദ്ദേശത്തോട് എതിര്‍പ്പില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജലാലാബാദ് പട്ടണം ഹിന്ദു ഐതീഹ്യങ്ങളിലെ പരശുരാമന്റെ ജന്മസ്ഥലമായി അറിയപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാര്‍ പേരുമാറ്റത്തിനുള്ള നിര്‍ദേശം സമര്‍പ്പിച്ചത്.
പുരാതന പരശുരാമ ക്ഷേത്രം പ്രദേശത്തുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന് പരശുരാമന്റെ പേര് നല്‍കണം എന്ന് ജലാലാബാദ് മുനിസിപ്പല്‍ ബോര്‍ഡും പ്രമേയം പാസാക്കിയിരുന്നു.
2025 ജൂണ്‍ 27-നാണ് ജലാലാബാദിനെ പരശുരാംപുരി എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള യുപി സര്‍ക്കാരിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലെത്തിയത്.
കത്ത് പരിഗണിച്ച് 'ജലാലാബാദ്' എന്ന പട്ടണത്തിന്റെ പേര് 'പരശുരാംപുരി, ഷാജഹാന്‍പൂര്‍ ജില്ല, ഉത്തര്‍പ്രദേശ്' എന്ന് മാറ്റുന്നതില്‍ ഇന്ത്യാ സര്‍ക്കാരിന് 'എതിര്‍പ്പില്ല' എന്ന് അറിയിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.