/sathyam/media/media_files/2025/05/14/4hXuLJR9AGpFydjsHCZD.jpg)
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം മാധ്യമങ്ങളോടു വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിയെ അപമാനിച്ച് മധ്യപ്രദേശിലെ ബി.ജെ.പി മരന്തി വിജയ് ഷാ.
അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി നേതാവ് കൂടിയായ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം നൽകി കഴിഞ്ഞു. സോഫിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്നു വിളിച്ച് അധിക്ഷേപിച്ചത് വൻ വിവാദമായതോടെയാണ് കോടതി ഇടപെട്ട് നടപടി ആവശ്യപ്പെട്ടത്.
വിജയ് ഷായ്‌ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യാൻ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സർക്കാർ പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്ന തിനിടെയാണ് വിവാദ പരാമർശങ്ങൾ കടന്നുവന്നത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. മന്ത്രി പ്രസംഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബിഹാർ കോൺഗ്രസും മന്ത്രിക്കെതിരെ രംഗത്ത് എത്തി. 'മധ്യപ്രദേശ് ബി.ജെ.പി സർക്കാറിലെ മന്ത്രിയായ വിജയ് ഷാ, കേണൽ സോഫിയ ഖുറേഷി ഭീകരവാദികളുടെ മകളാണെന്ന അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നു.
ഇന്ത്യയുടെ മകളായ കേണൽ സോഫിയ ഖുറേഷി നമ്മുടെ അഭിമാനമാണ്, എന്നിട്ടും അവരെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നു. അവരെയാണ് ഭീകരവാദികളുടെ സഹോദരി എന്ന് മുദ്രകുത്തിയത്. ഇത് നമ്മുടെ ധീരരായ സായുധ സേനയെ അപമാനിക്കലാണ്'- വിവാദ വിഡിയോ പങ്കുവെച്ച് ബിഹാർ കോൺഗ്രസ് അവരുടെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
അതേസമയം പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്ത് എത്തി. തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ അദ്ദേഹം മാപ്പ് പറഞ്ഞ് വിഷയത്തിൽ നിന്ന് തടിയൂരാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ സായുധ സേനയെ അപമാനിക്കുകയാണ് ബി.ജെ.പി മന്ത്രി ചെയ്തതെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും മധ്യപ്രദേശിലെ കോൺഗ്രസ് വക്താവ് അബ്ബാസ് ഹാഫിസ് ആവശ്യപ്പെട്ടു.
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്‌നൽസിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ൽ എക്സർസൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യൻ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അന്ന് നടന്നത്.
പാക്കിസ്ഥാനിലെ ഭീകരവാദികളെ തുരത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം മാധ്യമങ്ങളോട് വിവരങ്ങൾ പങ്ക്‌വെയ്ക്കാനുള്ള പ്രതസമ്മേളനത്തിൽ പങ്കെടുത്തത്.