ക്രിസ്തുമതം സ്വീകരിച്ചയാൾക്ക് പട്ടികജാതി സംവരണത്തിന് അവകാശമില്ല. കന്യാകുമാരി തെരൂർ പഞ്ചായത്തിലെ വനിതാ ചെയർപേഴ്സണെ അയോഗ്യയാക്കി മദ്രാസ് ഹൈക്കോടതി

എഐഎഡിഎംകെ പ്രതിനിധിയായ അമുദ റാണി എന്നയാൾക്കെതിരെ മറ്റൊരു അംഗമായ വി ഇയ്യപ്പൻ ആണ് കോടതിയെ സമീപിച്ചത്. 

New Update
madras highcourt

മധുര: ക്രിസ്തുമതം സ്വീകരിച്ച വ്യക്തിക്ക് പട്ടികജാതി (എസ് സി ) പദവി നൽകുന്നത് ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന് മദ്രാസ് ഹൈക്കോടതി.

Advertisment

പട്ടികജാതി സംവരണ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കന്യാകുമാരി തെരൂർ പഞ്ചായത്തിലെ വനിതാ ചെയർപേഴ്സണെ അയോഗ്യയാക്കിയ വിധിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.


എഐഎഡിഎംകെ പ്രതിനിധിയായ അമുദ റാണി എന്നയാൾക്കെതിരെ മറ്റൊരു അംഗമായ വി ഇയ്യപ്പൻ ആണ് കോടതിയെ സമീപിച്ചത്. 


കന്യാകുമാരിയിലെ തെരൂർ ടൗൺ പഞ്ചായത്തിലെ ഹിന്ദു, സിഖ്, ബുദ്ധമതം എന്നിവയല്ലാതെ മറ്റേതെങ്കിലും മതത്തിലേക്ക് ഒരാൾ മതം മാറിയാൽ പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമുദ റാണിയുടെ എതിർ സ്ഥാനാർഥിയായിരുന്ന വി ഇയ്യപ്പൻ കോടതിയെ സമീപിച്ചത്.

അമുദ റാണി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെങ്കിലും 2005ൽ അവർ വിവാഹസമയത്ത് ക്രിസ്തുമതം സ്വീകരിച്ചിരുന്നു എന്നും ഇയ്യപ്പൻ കോടതിയെ അറിയിച്ചു.

ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി സ്വമേധയാ ക്രിസ്തുമതം സ്വീകരിച്ചവർക്ക് പൊതുജോലിക്ക് വേണ്ടിയും പട്ടികജാതിക്കാരിയാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

1872-ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം അനുസരിച്ച് മതം മാറിയതിനാൽ വിവാഹം കഴിഞ്ഞ ശേഷം അവർക്ക് സ്വയം ഒരു 'ഹിന്ദു'വായി അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

'രണ്ട് വ്യത്യസ്ത മതങ്ങൾ തമ്മിലുള്ള വിവാഹങ്ങളിൽ ഒരു വ്യക്തിയുടെ സാമൂഹിക-മതപരമായ ഐഡന്റിറ്റി നിലനിർത്തുന്നതിന് സ്വീകരിക്കാവുന്ന ഏക മാർഗം 1954 ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമാണ്.

എന്നാൽ മതം കൊണ്ട് ക്രിസ്ത്യാനിയായ അമുദ റാണിക്ക് പട്ടികജാതി സമുദായ പദവി നൽകിയ നടപടി ഭരണഘടനയോടുള്ള വഞ്ചനയായി കണക്കാക്കാം എന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനും കോടതി നിർദേശിച്ചു.

2022ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ സീറ്റിൽ നിന്നായിരുന്നു വി അമുദ റാണി കന്യാകുമാരി തെരൂർ പഞ്ചായത്തംഗമായത്. ഇവരെ പഞ്ചായത്ത് ചെയർപേഴ്സണായി തെരഞ്ഞെടുത്തതിന് എതിരെ 2023ൽ ആണ് പട്ടികജാതിക്കാരനായ വി ഇയ്യപ്പൻ കോടതിയെ സമീപിച്ചത്.

Advertisment