ഒറ്റ വിദ്യാർത്ഥിക്കായി ഒരു പട; ജാർഖണ്ഡിൽ പത്താം ക്ലാസ് പരീക്ഷ എഴുതാൻ എത്തിയത് മജിസ്‌ട്രേറ്റും 12 പോലീസുകാരും

പരീക്ഷാ ഹാള്‍ പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലായിരുന്നു. ഒരു ജില്ലയില്‍ ബോര്‍ഡ് പരീക്ഷകള്‍ക്ക് നല്‍കുന്ന എല്ലാ കര്‍ശന നിബന്ധനകളും ഈ ഒരു വിദ്യാര്‍ത്ഥിക്കും ബാധകമാക്കി.

New Update
Untitled

ഡല്‍ഹി: ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയില്‍ നിന്നുള്ള കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു പത്താം ക്ലാസ് പരീക്ഷാര്‍ത്ഥിക്ക് പരീക്ഷ എഴുതാനായി മജിസ്ട്രേറ്റും പോലീസുകാരും അടങ്ങുന്ന വലിയൊരു സുരക്ഷാ സന്നാഹത്തെയാണ് അധികൃതര്‍ ഒരുക്കിയത്.

Advertisment

രാംകണ്ട ബ്ലോക്കിലെ ഹര്‍ഹെ അപ്ഗ്രേഡഡ് മിഡില്‍ സ്‌കൂളിലെ ശങ്കര്‍ കുമാര്‍ സിംഗ് എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഈ അപൂര്‍വ്വ പരിഗണന ലഭിച്ചത്. 'മ്യൂസിക്' ഒരു വിഷയമായി തിരഞ്ഞെടുത്ത ഏക വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍.


ഒരു ഹൈ-സെന്‍സിറ്റീവ് പരീക്ഷാ കേന്ദ്രത്തിന് നല്‍കുന്ന എല്ലാ സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഡ്യൂട്ടിക്കായി ഒരു മജിസ്ട്രേറ്റ്, മേല്‍നോട്ടത്തിനായി 18 ഉദ്യോഗസ്ഥര്‍, സുരക്ഷയ്ക്കായി 12 പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് വിന്യസിച്ചത്.

പരീക്ഷാ ഹാള്‍ പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലായിരുന്നു. ഒരു ജില്ലയില്‍ ബോര്‍ഡ് പരീക്ഷകള്‍ക്ക് നല്‍കുന്ന എല്ലാ കര്‍ശന നിബന്ധനകളും ഈ ഒരു വിദ്യാര്‍ത്ഥിക്കും ബാധകമാക്കി.


മൊത്തം 406 വിദ്യാര്‍ത്ഥികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള കേന്ദ്രമായിരുന്നു ഇത്. എന്നാല്‍ സംഗീതം പരീക്ഷ എഴുതാന്‍ ശങ്കര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച നടന്ന സംസ്‌കൃതം പരീക്ഷയോടെ ഈ കേന്ദ്രത്തിലെ പരീക്ഷകള്‍ അവസാനിച്ചു.


ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമായി ഇത്രയധികം ഉദ്യോഗസ്ഥരെ വിന്യസിച്ചത് ജില്ലയില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Advertisment