ഡല്‍ഹി: മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പിന്റെ പ്രമോട്ടര്‍മാരിലൊരാളും 6,000 കോടി രൂപയുടെ വാതുവെപ്പ് അഴിമതിക്കേസിലെ മുഖ്യപ്രതിയുമായ സൗരഭ് ചന്ദ്രാകറിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അഭ്യർത്ഥന പ്രകാരം ഇൻ്റർപോളിൻ്റെ റെഡ് കോർണർ നോട്ടീസ് പ്രകാരമാണ് നടപടി. ആപ്പ് വഴി ലക്ഷക്കണക്കിന് ആളുകളെ ശതകോടികളുടെ തട്ടിപ്പ് ചന്ദ്രകരൻ നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.
കഴിഞ്ഞയാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ഛത്തീസ്ഗഢ് പോലീസ് എന്നിവര്‍ വിദേശകാര്യ മന്ത്രാലയം മുഖേന നടപടികള്‍ വേഗത്തിലാക്കുന്നതിനാല്‍ ചന്ദ്രക്കറിനെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ചന്ദ്രക്കറിനെയും ബിസിനസ് പങ്കാളി രവി ഉപ്പലിനെയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദുബായില്‍ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ നിന്നാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ പല സംസ്ഥാനങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.