മുംബൈ: ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. ത്രിഭാഷാ നയത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിച്ചത്.
ത്രിഭാഷാ നയം പ്രായോഗികമാണോ, എങ്ങനെ നടപ്പിലാക്കണം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയെ സര്‍ക്കാര്‍ രൂപീകരിച്ചു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അതുവരെ, ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന രണ്ട് ഉത്തരവുകളും റദ്ദാക്കിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിരുന്നുവെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.
ഏപ്രില്‍ 16-നാണ് ഇംഗ്ലീഷിനും മറാഠിക്കും പുറമെ ഹിന്ദിയും ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഈ തീരുമാനം മഹാവികാസ് അഘാഡി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എന്‍സിപി, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിരുന്നു.