മുംബൈ: അനധികൃത പള്ളികള്‍ക്കും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തയ്യാറെടുത്ത് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍.
സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ നിയമസഭയില്‍ പ്രഖ്യാപിച്ചതനുസരിച്ച്, സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് ആദിവാസി ജില്ലകളില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന പള്ളികള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ പൊളിച്ചുമാറ്റും. ഇതോടൊപ്പം, മതപരിവര്‍ത്തന കേസുകള്‍ തടയാന്‍ കര്‍ശനമായ നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
വിദേശ ഫണ്ടിങ്ങ് ഉപയോഗിച്ച് അനധികൃത പള്ളികള്‍ നിര്‍മിച്ചുവെന്നും, ഇത്തരമൊരു പ്രവര്‍ത്തനം ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നും ബിജെപി എംഎല്‍എമാര്‍ ആരോപിച്ചു.
പാല്‍ഘര്‍, നന്ദുര്‍ബാര്‍ തുടങ്ങിയ ആദിവാസി ജില്ലകളില്‍ അനധികൃത പള്ളികളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണെന്ന് എംഎല്‍എ അനുപ് അഗര്‍വാള്‍ നിയമസഭയില്‍ പറഞ്ഞു. ധൂലെയിലെ 199 ഗ്രാമപഞ്ചായത്തുകളില്‍ അനധികൃത പള്ളികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, അനധികൃത പള്ളികള്‍ക്ക് വിദേശ ഫണ്ടിങ്ങ് ലഭിച്ചതോ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതോ സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ എംഎല്‍എമാര്‍ സമര്‍പ്പിച്ചിട്ടില്ല.
മതം മാറിയ ആദിവാസികള്‍ക്ക് പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ ലഭിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.