മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 21 വനിതാ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി റിപ്പോര്‍ട്ട്. അവരില്‍ ഒരാള്‍ മാത്രമാണ് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്നുള്ളതെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ ഭരണപക്ഷമായ മഹായുതി സഖ്യത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളാണ്.
സംസ്ഥാനത്തെ 288ല്‍ 234 സീറ്റുകളും നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം പ്രതിപക്ഷത്തിനെതിരെ വന്‍ വിജയം നേടിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ബി.ജെ.പിയില്‍ നിന്നുള്ളവരാണ്.
വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 14 വനിതാ സ്ഥാനാര്‍ത്ഥികള്‍ ബിജെപിയുടെ ടിക്കറ്റില്‍ വിജയിച്ചു.
ശ്വേത മഹാലെ (ചിക്ലി നിയോജകമണ്ഡലം), മേഘന ബോര്‍ഡിക്കര്‍ (ജിന്റൂര്‍), ദേവയാനി ഫരാന്‍ഡെ (നാസിക് സെന്‍ട്രല്‍), സീമ ഹിറായ് (നാസിക് വെസ്റ്റ്), മന്ദ മാത്രെ (ബേലാപൂര്‍), മനീഷ ചൗധരി (ദഹിസര്‍), വിദ്യാ താക്കൂര്‍ (ഗോറെഗാവ്), മാധുരി മിസല്‍ (പാര്‍വ്വതി) , മോണിക്ക രാജലെ (ഷെവ്ഗാവ്), നമിത മുണ്ടാട (കൈജ്) എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികള്‍.
ശ്രീജയ ചവാന്‍ (ഭോക്കര്‍), സുലഭ ഗെയ്ക്വാദ് (കല്യണ്‍ ഈസ്റ്റ്), സ്നേഹ പണ്ഡിറ്റ് (വസായ്), അനുരാധ ചവാന്‍ (ഫുലാംബരി) എന്നിവരാണ് പാര്‍ട്ടിയുടെ പുതിയ തിരഞ്ഞെടുക്കപ്പെട്ട നാല് വനിതാ എംഎല്‍എമാര്‍.
ബിജെപിക്ക് പുറമെ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍ ശിവസേന ടിക്കറ്റിലും മത്സരിച്ചു. ബാക്കി നാല് വനിതാ സ്ഥാനാര്‍ത്ഥികളെ എന്‍സിപിയും നിര്‍ത്തി.
മഞ്ജുള ഗവിത് (സക്രി), സഞ്ജന ജാദവ് (കണ്ണാട്) എന്നിവര്‍ ശിവസേന ടിക്കറ്റിലും സുല്‍ഭ ഖോഡ്കെ (അമരാവതി), സരോജ് അഹിരെ (ദിയോലാലി), സന മാലിക് (അനുശക്തിനഗര്‍), അദിതി തത്കരെ (ശ്രീവര്‍ധന്‍) എന്നിവര്‍ എന്‍സിപി ടിക്കറ്റിലും വിജയിച്ചു.
കോണ്‍ഗ്രസിന്റെ ജ്യോതി ഗെയ്ക്വാദാണ് (ധാവാരി) പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് വിജയിച്ച ഏക വനിതാ സ്ഥാനാര്‍ഥി.
എംവിഎയ്ക്കെതിരെ വന്‍ വിജയം നേടിയാണ് മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 16 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ, സഖ്യകക്ഷികളായ ശിവസേന യുബിടി 20 സീറ്റും എന്‍സിപി-എസ്പി 10 സീറ്റും നേടി.
മഹായുതിയില്‍ ബിജെപി പരമാവധി സീറ്റുകള്‍ (132) നേടിയപ്പോള്‍ സഖ്യകക്ഷികളായ ശിവസേന 57 ഉം എന്‍സിപി 41 ഉം സീറ്റുകള്‍ നേടി.
1990ന് ശേഷം ഇതാദ്യമായാണ് ഒരു സഖ്യം മഹാരാഷ്ട്രയില്‍ 200 സീറ്റുകള്‍ നേടുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മുഖ്യമന്ത്രിയെ പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മഹായുതി സഖ്യ നേതാക്കള്‍ പറഞ്ഞു.