മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുമാണ് തീരുമാനിക്കേണ്ടതെന്ന് ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ. ആരെ തെരഞ്ഞെടുത്താലും തനിക്ക് സ്വീകാര്യമാണെന്ന് ഷിന്‍ഡെ പറഞ്ഞു.
മോദിയുടെ തീരുമാനമാണ് അന്തിമമെന്നും ആരെ തെരഞ്ഞെടുത്താലും അതിന് താനോ തന്റെ പാര്‍ട്ടിയോ തടസ്സമാവില്ലെന്നും ഷിന്‍ഡെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ഷിന്‍ഡെ പിന്‍മാറിയതോടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
മഹായുതി സഖ്യനേതാക്കളായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപിയുടെ അജിത് പവാര്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നാളെ കൂടിക്കാഴ്ച നടത്തും.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തെത്തിയിരുന്നു. ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചു നിന്നതോടെ അനിശ്ചിതത്വമായി.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷിന്‍ഡെ നിലപാട് മയപ്പെടുത്തിയത്. 288 നിയമസഭാ മണ്ഡലങ്ങളില്‍ 235 സീറ്റിലും ഇത്തവണ വിജയിക്കാന്‍ മഹായുതിക്ക് സാധിച്ചിരുന്നു. ബിജെപി 132 സീറ്റുകളിലാണ് ജയിച്ചത്.