മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടിയ മഹായുതി സഖ്യത്തിന് അടുത്ത മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍ ഇന്നുവരെ സമയമുണ്ട്. ഇക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും.
ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാറിന്റെ എന്‍സിപി വിഭാഗം, ദേവേന്ദ്ര ഫഡ്നാവിസിന്റെ ബിജെപി എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യകക്ഷികള്‍ സമവായത്തിലെത്താത്തതിനാല്‍ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുകയാണ്.
288 നിയമസഭാ സീറ്റുകളില്‍ 232ലും മഹായുതി സഖ്യം വിജയിച്ചു, 132 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്ന ബിജെപി സംസ്ഥാനത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍ വിഭാഗം), ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവരടങ്ങുന്ന പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ)ക്ക് 49 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നതിനു ശേഷം തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ഒരു മുഖ്യമന്ത്രിയെ ബിജെപി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഇതിന് അജിത് പവാറിന്റെ പിന്തുണയും ഉണ്ട്.
അതേസമയം, ഏകനാഥ് ഷിന്‍ഡെ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടരണമെന്നാണ് ഷിന്‍ഡെ സേനയുടെ ആവശ്യം.