മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വന്‍ വിജയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം ആരു ഏറ്റെടുക്കുമെന്ന അനിശ്ചിതത്വത്തിന് അറുതിവരുത്തുന്നതിനായി മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവര്‍ വ്യാഴാഴ്ച രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കണ്ടു.
എന്നാല്‍, അര്‍ദ്ധരാത്രിയില്‍ അവസാനിച്ച രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. വ്യാഴാഴ്ചത്തെ യോഗം പ്രധാനമായും കാബിനറ്റ് ബെര്‍ത്ത് വിഹിതത്തെ ചുറ്റിപ്പറ്റിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും യോഗത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ തകര്‍പ്പന്‍ പ്രകടനത്തിന് സഹായകമായ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കിയതിന് അമിത് ഷായോട് ഫഡ്നാവിസ് നന്ദി അറിയിച്ചു.
2024ലെ സുപ്രധാന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്കും കാര്യകര്‍ത്താക്കളെ പ്രചോദിപ്പിച്ചതിനും കേന്ദ്രമന്ത്രി അമിത്ഭായ് ഷായോട് എന്റെ നന്ദി രേഖപ്പെടുത്തി. ഈ അവസരത്തില്‍, നമ്മുടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ഏകനാഥ് ഷിന്‍ഡേ, അജിത് പവാര്‍, മഹായുതി നേതാക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരും ഡല്‍ഹിയില്‍ സന്നിഹിതരായിരുന്നു, ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.