ഡല്‍ഹി: മഹീന്ദ്രയുടെ മുന്‍നിര എസ്യുവിയായ എക്‌സ് യു വി 700 ന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലെ തുടര്‍ച്ചയായ തകരാറുകളില്‍ വ്യാപക പരാതിയുമായി ഉടമകള്‍. ഫോണ്‍ കാറുമായി കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബ്ലൂടൂത്ത് പെട്ടെന്ന് വിച്ഛേദിക്കപ്പെടുന്നതും വഴിതെറ്റിക്കുന്ന ജിപിഎസ് സംവിധാനവും ഉടമകളെ വലക്കുകയാണ്.
6 സ്പീക്കറുകളുള്ള പ്രീമിയം ഓഡിയോ സിസ്റ്റവും, ആധുനിക സാങ്കേതികവിദ്യയായ അഡ്രിനോഎക്‌സുമായാണ് എക്‌സ് യു വി 700 നിരത്തിലിറങ്ങിയത്. വാഹനം വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പണിമുടക്കുന്നത് പതിവാകുകയാണ്.
ഫോണ്‍ കാറുമായി കണക്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ബ്ലൂടൂത്തുമായുള്ള ബന്ധം വേഗത്തില്‍ വിച്ഛേദിക്കപ്പെടുന്നു. ഇനി കണക്റ്റ് ആയാല്‍ തന്നെ ഓഡിയോ തകരാറുകള്‍ ഉടമകളെ വലയ്ക്കുകയാണ്.
ഇതുകൂടാതെ വാഹനത്തിന്റെ യഥാര്‍ത്ഥ ലൊക്കേഷനില്‍ നിന്ന് വ്യത്യസ്തമായ സ്ഥാനമാണ് ജിപിഎസ് കാണിക്കുന്നത്. ഇത് യാത്രകളെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു.
അറിയാത്ത വഴികളില്‍ ഇത് വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ഉടമകള്‍ പറയുന്നു.
പ്രശ്‌നങ്ങളുമായി സര്‍വീസ് സെന്ററുകളെ സമീപിച്ചെങ്കിലും തൃപ്തികരമായ ഒരു പരിഹാരം ലഭിച്ചില്ലെന്നാണ് ഉടമകളുടെ പ്രധാന പരാതി.