ഡല്‍ഹി: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ നോട്ടീസ്.
വിദേശനാണ്യ വിനിമയച്ചട്ടവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 11ന് ചോദ്യം ചെയ്യലിന് ഹാജരാകണണെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് വിവരം.
കോഴ ആരോപണത്തിൽ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മഹുവയെ അയോഗ്യയാക്കിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായി ചോദ്യം ചോദിക്കാൻ മഹുവ വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽനിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
മഹുവയുടെ മുൻ സുഹൃത്ത് ജയ് അനന്ദ് ദെഹ്ദ്രായിയുടെ അരോപണങ്ങൾ അടിസ്ഥാനമാക്കി മഹുവക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്പാലിന് പരാതി നൽകിയിരുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ലോക്പാൽ സിബിഐയോട് നിർദേശിച്ചിരുന്നു.
മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐയും അന്വേഷണം നടക്കുന്നുണ്ട്.2023 ഡിസംബർ 8 ന് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുകയും പാർലമെന്റ് വെബ്സൈറ്റിന്റെ യൂസർ ഐഡിയും പാസ്വേഡും പങ്കുവെക്കുകയും ചെയ്തതിനാണ് മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്.
ഉപഹാരങ്ങൾക്കായി വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചെന്നായിരുന്നു ആരോപണം.