മോദി ട്രംപിന്റെ അടിമയെപ്പോലെ പെരുമാറുന്നു; 'എപ്‌സ്റ്റീൻ ഫയലുകൾ' കാട്ടി ഭീഷണിപ്പെടുത്തുന്നു: മല്ലികാർജുൻ ഖാർഗെ

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന വ്യാപാര കരാറുകളിലാണ് സര്‍ക്കാര്‍ ഒപ്പിടുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു.

New Update
Untitled

കല്‍ബുറഗി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

Advertisment

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 'ഏകാധിപതി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മോദി ട്രംപിന്റെ അടിമയെപ്പോലെയാണ് പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ചിറ്റാപ്പൂരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിലായിരുന്നു ഖാര്‍ഗെയുടെ ഈ പരാമര്‍ശങ്ങള്‍.


എപ്സ്റ്റീന്‍ കേസിലെ ഫയലുകള്‍ ഉപയോഗിച്ച് ട്രംപ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. 'എപ്സ്റ്റീന്‍ ഫയലുകളെ ഭയന്ന് മോദി തലകുനിച്ചിരിക്കുകയാണ്. ട്രംപ് മോദിയുടെ മൂക്കിന് പിടിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്,' ഖാര്‍ഗെ പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്കയുടെ അനുമതി തേടേണ്ടി വന്നത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം വാഷിംഗ്ടണിന് കീഴടങ്ങുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് നേടിത്തന്ന സ്വാതന്ത്ര്യം മോദി വീണ്ടും അടിമത്തത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച അമേരിക്കന്‍ നടപടിയെ ഖാര്‍ഗെ വിമര്‍ശിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ കപ്പലായ 'ഐആര്‍ഐഎസ് ദേന' അമേരിക്കന്‍ അന്തര്‍വാഹിനി മുക്കിയപ്പോള്‍ മോദി പുലര്‍ത്തുന്ന മൗനം ഭീരുത്വമാണെന്നും അദ്ദേഹം പരിഹസിച്ചു.


അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന വ്യാപാര കരാറുകളിലാണ് സര്‍ക്കാര്‍ ഒപ്പിടുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു.

ഖാര്‍ഗെയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. 'ഒരു കുറ്റവാളിയുടെ ജല്പനങ്ങള്‍' മാത്രമാണിതെന്നും അങ്ങേയറ്റത്തെ അവജ്ഞയോടെ ഇത് തള്ളിക്കളയുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റഷ്യന്‍ എണ്ണ വിതരണത്തിലെ തടസ്സങ്ങള്‍ നീക്കുക മാത്രമാണ് ചെയ്തതെന്നും ഇതിന് ആരുടെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു.

Advertisment