കേന്ദ്ര ബജറ്റ് 2026: 'വികസിത ഭാരതത്തിലേക്കുള്ള കുതിപ്പെന്ന്' ഭരണപക്ഷം; 'ദിശാബോധമില്ലാത്തതെന്ന്' പ്രതിപക്ഷം

സമ്പദ്വ്യവസ്ഥയെ അഗാധമായ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതാണ് സര്‍ക്കാരിന്റെ നയങ്ങളെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഞായറാഴ്ച അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിനെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ പോര് മുറുകുന്നു.

Advertisment

ബജറ്റ് വികസിത ഇന്ത്യയിലേക്കുള്ള ശക്തമായ ചുവടുവെയ്പ്പാണെന്ന് ഭരണകക്ഷിയായ ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും അവകാശപ്പെടുമ്പോള്‍, സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന പ്രഖ്യാപനങ്ങളാണിവയെന്ന് പ്രതിപക്ഷം ആരോപിച്ചു.


ബജറ്റിനെ പ്രശംസിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. സ്വന്തം കരുത്തില്‍ വളരുന്ന ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുന്ന 'വികസിത ഇന്ത്യ' ബജറ്റാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കോവിഡ്-19ന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വേഗത പകര്‍ന്നു.


ഈ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ പുതിയ ബജറ്റ് സഹായിക്കുമെന്നും പരമ്പരാഗത മേഖലകള്‍ മുതല്‍ ആഗോള വേദികളില്‍ വരെ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ബജറ്റില്‍ പശ്ചിമ ബംഗാളിനെ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബജറ്റിലെ 'സാമ്പത്തിക ഇടനാഴി' പ്രഖ്യാപനത്തെ 'ചവറ്' എന്ന് വിശേഷിപ്പിച്ച അവര്‍, ബജറ്റിന് കൃത്യമായ ദിശാബോധമില്ലെന്നും കുറ്റപ്പെടുത്തി.


സമ്പദ്വ്യവസ്ഥയെ അഗാധമായ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതാണ് സര്‍ക്കാരിന്റെ നയങ്ങളെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടി 'മോദിയുടെ വ്യാജ ബജറ്റ് വിപണിയെ തകര്‍ത്തു' എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചു.


പ്രതിപക്ഷം ബജറ്റ് വായിച്ചുപോലും നോക്കാതെയാണ് വിമര്‍ശിക്കുന്നതെന്ന് ബിജെപി എംപി തേജസ്വി സൂര്യ പരിഹസിച്ചു. ബജറ്റ് അവതരണത്തിന് മുന്‍പേ പ്രതിപക്ഷം തങ്ങളുടെ വിമര്‍ശനങ്ങള്‍ തയ്യാറാക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment