കൊല്‍ക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്നുള്ള അക്രമങ്ങള്‍ മുര്‍ഷിദാബാദിന് അപ്പുറം പശ്ചിമ ബംഗാളിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ ശാന്തതയ്ക്കും സമാധാനത്തിനും വീണ്ടും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി.
മതത്തെ 'മതവിരുദ്ധ കളികള്‍' നടത്താന്‍ ഉപയോഗിക്കരുതെന്നും പ്രതിഷേധിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം നിയമം കൈയിലെടുക്കരുതെന്നും അവര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മതവിരുദ്ധ കളികള്‍ കളിക്കരുത്. ധര്‍മ്മം എന്നാല്‍ ഭക്തി, വാത്സല്യം, മനുഷ്യത്വം, സമാധാനം, സൗഹൃദം, സംസ്‌കാരം, ഐക്യം, എന്നിവയാണ്.
മനുഷ്യരെ സ്‌നേഹിക്കുക എന്നത് ഏതൊരു മതത്തിന്റെയും ഏറ്റവും ഉയര്‍ന്ന പ്രകടനങ്ങളിലൊന്നാണ്.
നമ്മള്‍ ഒറ്റയ്ക്ക് ജനിക്കുകയും ഒറ്റയ്ക്ക് മരിക്കുകയും ചെയ്യുന്നു; പിന്നെ എന്തിനാണ് പോരാടുന്നത്? എന്തിനാണ് കലാപങ്ങള്‍, യുദ്ധം അല്ലെങ്കില്‍ അശാന്തി? അക്രമം മുര്‍ഷിദാബാദില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ മമത ബാനര്‍ജി ചോദിച്ചു.
ജനങ്ങളോടുള്ള സ്‌നേഹം എല്ലാം ജയിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആക്രമിക്കപ്പെടുന്നവരോ അടിച്ചമര്‍ത്തപ്പെടുന്നവരോ ആയവരുടെ പശ്ചാത്തലമോ മതമോ പരിഗണിക്കാതെ അവര്‍ക്കൊപ്പം നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു.