/sathyam/media/media_files/2025/10/12/mamatha-banerjee-2025-10-12-15-12-11.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ കൂട്ടബലാത്സംഗത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ഉത്തരവാദിത്തം സ്വകാര്യ കോളേജുകളുടെ മേല്‍ കെട്ടിവച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.
23 വയസ്സുള്ള വിദ്യാര്‍ത്ഥി രാത്രി വൈകി എങ്ങനെ ക്യാമ്പസില്‍ നിന്ന് പുറത്തുപോയി എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ പരാമര്‍ശങ്ങള്‍ ഇരയെ അപമാനിക്കുന്നതാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
'യുവതി ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആരുടെ ഉത്തരവാദിത്തമാണ് അത്? പുലര്‍ച്ചെ 12.30 ന് യുവതി എങ്ങനെയാണ് പുറത്തുവന്നത്?' സംഭവത്തിന് ശേഷം മാധ്യമങ്ങളോട് നടത്തിയ ആദ്യ പരാമര്‍ശത്തില്‍ അവര്‍ ചോദിച്ചു.
സംഭവത്തെ 'ഞെട്ടിപ്പിക്കുന്നത്' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ബംഗാള്‍ പോലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെയും 'രാത്രിയിലെ സംസ്‌കാരത്തെയും' പരിപാലിക്കണമെന്ന് അവര്‍ പറഞ്ഞു. 'അവരെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. അതൊരു വനപ്രദേശമാണ്,' മമത ബാനര്‍ജി പറഞ്ഞു.
ഒഡീഷയിലെ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച മമത, അയല്‍ സംസ്ഥാനത്തെ ബലാത്സംഗ കേസുകള്‍ ഉന്നയിച്ചു. 'ഒഡീഷയില്‍, കടല്‍ത്തീരങ്ങളില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?' അവര്‍ ചോദിച്ചു.