അജിത് പവാറിന്റെ മരണം: ഞെട്ടല്‍ രേഖപ്പെടുത്തി മമത ബാനര്‍ജി; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

അപകടത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും മമത ബാനര്‍ജി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

New Update
mamatha banarjee

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തില്‍ അടിയന്തരമായി ഉന്നതതല അന്വേഷണം വേണമെന്ന് മമത ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് പോയ സ്വകാര്യ വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണാണ് അപകടമുണ്ടായത്.

Advertisment

മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാവിലെ 8 മണിയോടെ ബാരാമതിയില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെ തകര്‍ന്നു വീഴുകയായിരുന്നു.


അജിത് പവാര്‍, രണ്ട് പൈലറ്റുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥരീകരിച്ചു.

അപകടത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും മമത ബാനര്‍ജി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


'അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്കും സഹയാത്രികര്‍ക്കും സംഭവിച്ച ഈ ദുരന്തം വലിയൊരു നഷ്ടമാണ്. ശരദ് പവാര്‍ ജിയെയും കുടുംബത്തെയും എന്റെ അനുശോചനം അറിയിക്കുന്നു. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ട്.' - മമത ബാനര്‍ജി ആവശ്യപ്പെട്ടു.


അപകടത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ച് വിവരങ്ങള്‍ തേടി. ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കള്‍ എന്‍സിപി സ്ഥാപകന്‍ ശരദ് പവാറിന്റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 2023-ല്‍ ശരദ് പവാറുമായുള്ള രാഷ്ട്രീയ തര്‍ക്കത്തിന് ശേഷമാണ് അജിത് പവാര്‍ എന്‍സിപിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

Advertisment