'കേന്ദ്ര ആഭ്യന്തര മന്ത്രി ബംഗാളില്‍ വരുമ്പോള്‍ ചുവപ്പ് പരവതാനി. ഞങ്ങള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ കറുത്ത പരവതാനി'. ബംഗാളികളെ ഡൽഹി പോലീസ് പീഡിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിന് മുൻപ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി

ഡല്‍ഹിയിലെത്തുന്ന ബംഗാളികളെ പോലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുകയാണെന്നും മമത ആരോപിച്ചു.

New Update
Untitled

ഡല്‍ഹി: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെ, കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

Advertisment

ഡല്‍ഹിയിലെത്തുന്ന ബംഗാളികളെ പോലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുകയാണെന്നും മമത ആരോപിച്ചു.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്യാനേഷ് കുമാറിനെ കാണുന്നതിന് തൊട്ടുമുന്‍പാണ് മമത ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ഡല്‍ഹിയിലെ ബംഗാ ഭവനില്‍ കഴിയുന്ന ബംഗാളികള്‍ക്ക് നേരെ പോലീസ് അതിക്രമം നടക്കുന്നുണ്ടെന്നും അത് നേരിട്ട് കാണാനാണ് താന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു.


'കേന്ദ്ര ആഭ്യന്തര മന്ത്രി ബംഗാളില്‍ വരുമ്പോള്‍ ഞങ്ങള്‍ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ കറുത്ത പരവതാനിയാണ് നല്‍കുന്നത്. ബംഗാളികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം,' മമത തുറന്നടിച്ചു.

അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള 15 അംഗ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണുന്നത്. വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ടിഎംസിയുടെ പരാതി.


വോട്ടര്‍ പട്ടിക പുതുക്കുന്നതിലെ അശാസ്ത്രീയത മൂലം ജനങ്ങള്‍ വലിയ ദുരിതത്തിലാണെന്നും ഇതുവരെ 140 പേര്‍ മരിച്ചതായും മമത തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ അവകാശപ്പെട്ടു.


ജനപ്രതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ബംഗാളില്‍ നടക്കുന്നത് എന്നും ഇതില്‍ അടിയന്തര തിരുത്തല്‍ നടപടി വേണമെന്നുമാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

Advertisment