/sathyam/media/media_files/2026/03/08/untitled-2026-03-08-09-01-17.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഗോത്രവര്‍ഗ വികസനത്തെക്കുറിച്ചുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിയുടെ താല്പര്യപ്രകാരമാണ് രാഷ്ട്രപതി ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് മമത ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ ബിജെപി രാഷ്ട്രപതിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
'ബിജെപി രാഷ്ട്രീയം ഇത്രത്തോളം തരംതാഴ്ന്നതാകുമെന്ന് കരുതിയില്ല. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ രാഷ്ട്രപതിയെ ആയുധമാക്കുകയാണ്,' കൊല്‍ക്കത്തയിലെ പ്രതിഷേധ വേദിയില്‍ മമത പറഞ്ഞു.
രാഷ്ട്രപതിയുടെ ചടങ്ങില്‍ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന ആരോപണങ്ങള്‍ മമത തള്ളി. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഓടിനടക്കുന്ന തിരക്കിലാണ് താനെന്നും, ഇത്തരം സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും പങ്കെടുക്കുക പ്രായോഗികമല്ലെന്നും അവര്‍ വ്യക്തമാക്കി.
'വര്‍ഷത്തിലൊരിക്കലാണ് വരുന്നതെങ്കില്‍ സ്വാഗതം ചെയ്യാം, എന്നാല്‍ വോട്ടെടുപ്പ് സമയത്ത് വരുമ്പോള്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല,' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്തരബംഗാള്‍ സന്ദര്‍ശനത്തിനിടെ സിലിഗുരിക്കടുത്ത് നടന്ന ഗോത്രസംഗമത്തിലാണ് രാഷ്ട്രപതി തന്റെ അതൃപ്തി പരസ്യമാക്കിയത്.
'മമത ബാനര്‍ജി എന്റെ അനിയത്തിയെപ്പോലെയാണ്. എന്നാല്‍ എന്നെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വരാത്തതില്‍ അവര്‍ക്ക് എന്നോട് ദേഷ്യമുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു,' രാഷ്ട്രപതി പറഞ്ഞു.
കൂടാതെ, പരിപാടിയുടെ വേദി അവസാന നിമിഷം മാറ്റിയത് ജനപങ്കാളിത്തം കുറയ്ക്കാന്‍ കാരണമായെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി രാഷ്ട്രീയമായി നേരിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us