രാഷ്ട്രപതിയെ അപമാനിക്കുന്നത് മോദിയാണ്; ‘വോട്ട് പക്ഷി’ പരാമർശവുമായി മമത, തിരിച്ചടിച്ച് ബിജെപി

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ബംഗാളിലെത്തുകയും ഗോത്രവര്‍ഗ്ഗ ഭാഷകളെക്കുറിച്ച് വാചാലനാവുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ 'വോട്ട് പക്ഷി' എന്ന് മമത പരിഹസിച്ചു.

New Update
Untitled

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സംസ്ഥാന സര്‍ക്കാര്‍ അനാദരിച്ചു എന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി.

Advertisment

ഭരണഘടനാ പദവികളെ യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മമത കുറ്റപ്പെടുത്തി. രാഷ്ട്രപതി എഴുന്നേറ്റു നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി ഇരിക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു മമതയുടെ കടന്നാക്രമണം.


ബിജെപി നേതാവ് എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്ന ചടങ്ങിന്റെ ചിത്രം മമത ചൂണ്ടിക്കാട്ടി. 'രാഷ്ട്രപതി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി അടുത്ത് ഇരിക്കുകയാണ്. സാധാരണക്കാരായ സ്ത്രീകള്‍ വന്നാല്‍ പോലും എഴുന്നേറ്റു നിന്ന് ബഹുമാനിക്കുന്നതാണ് ഞങ്ങളുടെ രീതി. എന്നിട്ടും ബംഗാളിനെ കുറ്റപ്പെടുത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു?' മമത ചോദിച്ചു.


തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ബംഗാളിലെത്തുകയും ഗോത്രവര്‍ഗ്ഗ ഭാഷകളെക്കുറിച്ച് വാചാലനാവുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ 'വോട്ട് പക്ഷി' എന്ന് മമത പരിഹസിച്ചു.

രാഷ്ട്രപതി പങ്കെടുത്ത പരിപാടി ഒരു സ്വകാര്യ സംഘടനയുടേതായിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. ഗ്രീന്‍ റൂം, ശുചിമുറി എന്നിവയുടെ അപര്യാപ്തതയ്ക്ക് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയുമാണെന്ന് അവര്‍ വ്യക്തമാക്കി.


മമതയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ബിജെപി ശക്തമായി പ്രതികരിച്ചു. രാഷ്ട്രപതിയെ ബഹുമാനിക്കാന്‍ അറിയില്ലെങ്കില്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കാന്‍ മമതയ്ക്ക് അവകാശമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 'രാഷ്ട്രപതിയെ അപമാനിക്കുകയും നുഴഞ്ഞുകയറ്റക്കാരെ അതിഥികളായി സ്വീകരിക്കുകയുമാണ് മമതയുടെ നയം' എന്ന് അദ്ദേഹം പരിഹസിച്ചു.


ബംഗാളില്‍ മമതയുടെ ഭരണം ഏകാധിപത്യമായി മാറിയെന്നും എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അവര്‍ അവഗണിക്കുകയാണെന്നും ബിജെപി ആരോപിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിയുടെ മൗനത്തെ ചോദ്യം ചെയ്ത മമതയുടെ നടപടി രാജ്യത്തെ പരമോന്നത പദവിയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

Advertisment