ഡല്‍ഹി: വഖഫ് നിയമത്തെച്ചൊല്ലിയുള്ള അക്രമം ആസൂത്രിതമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗ്ലാദേശി അക്രമികളെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഎസ്എഫും ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിച്ചു.
കൊല്‍ക്കത്തയില്‍ മുസ്ലീം പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, വഖഫ് നിയമത്തിനെതിരായ പോരാട്ടത്തില്‍ തന്റെ പാര്‍ട്ടി മുന്‍പന്തിയിലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി അവര്‍ക്ക് ഉറപ്പ് നല്‍കി. സമാധാനപരമായ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെടാന്‍ അവരെ പ്രേരിപ്പിച്ചു.
'പ്രധാനമന്ത്രിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കണം. അദ്ദേഹം എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച് നമുക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. മോദി ജി ഇല്ലാതിരിക്കുമ്പോള്‍ എന്ത് സംഭവിക്കും?' മമത പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൃദുസമീപനം സ്വീകരിക്കുമ്പോള്‍ തന്നെ അമിത് ഷായ്ക്കെതിരെ മമത നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമല്ല.
2022 ല്‍, സിബിഐയും ഇഡിയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാല്‍, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിന് പിന്നില്‍ പ്രധാനമന്ത്രിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മമത പറഞ്ഞിരുന്നു.